ഇന്ത്യ -ചൈന അതിര്‍ത്തി: രാജ്‌നാഥ് സിങ് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ജനറല്‍ എം.എം. നരവനെ (കരസേന), എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ (വ്യോമസേന), അഡ്മിറല്‍ കരംബീര്‍ സിങ് (നാവികസേന) എന്നിവരോടൊപ്പം സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ചര്‍ച്ചയില്‍ പങ്കെടുത്തു. ചൈനയുമായി കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുന്നത് ഒഴിവാക്കാനും നയതന്ത്ര, രാഷ്ട്രീയ, സൈനിക ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുമാണ് ശ്രമിക്കുന്നതെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കും വരെ അതിര്‍ത്തിയില്‍ സേന തുടരും.
കിഴക്കന്‍ ലഡാക്കിന്റെ ചുമതല വഹിക്കുന്ന ലേ ആസ്ഥാനമായുള്ള 14 കോര്‍ കേന്ദ്രത്തിലേക്ക് സന്നാഹങ്ങളുമായി ചിനൂക് ഹെലികോപ്റ്ററുകളെത്തി. കഴിഞ്ഞ വര്‍ഷം യുഎസില്‍ നിന്ന് വാങ്ങിയ ചിനൂകിന് 9.6 ടണ്‍ സാമഗ്രികള്‍ വഹിക്കാനാകും. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് വ്യക്തമാക്കി. കരസേനാ കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം ചൈനയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വങ്ങള്‍ മുന്‍പുണ്ടാക്കിയ കരാര്‍ അനുസരിച്ച് അതിര്‍ത്തിത്തര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങളായി വളരരുതെന്ന് ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാനാണ് ശ്രമം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നയതന്ത്ര, സേനാതല ചര്‍ച്ച തുടരുമെന്നും ചുന്‍യിങ് പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്കു ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ടുണ്ട്.
പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരം, ഗല്‍വാന്‍ താഴ്‌വര എന്നിവിടങ്ങളില്‍ യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിച്ച് കയറിയ ചൈനീസ് സേന പിന്‍മാറാന്‍ ഇനിയും തയാറായിട്ടില്ല. എന്നാല്‍, ഇക്കാര്യം കരസേനയും പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഒരിഞ്ചു പോലും വിട്ടുകൊടുക്കില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, പാംഗോങ് ട്‌സോ തടാകത്തിനു സമീപം ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് (കാവല്‍പ്പുര) സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നു. ചൂട് നിലനിര്‍ത്താന്‍ സംവിധാനമുള്ള ഔട്ട് പോസ്റ്റ് ഈ വര്‍ഷമവസാനത്തോടെ സജ്ജമാക്കും.
https://www.facebook.com/Malayalivartha






















