മുംബയില്‍ ടൗക്തേ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികളും... കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കും

മുംബയില്‍ ടൗക്തേ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികളും. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് (36), പ്രോജക്ട് എന്‍ജിനീയറായ കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ ബാര്‍ജിലായിരുന്നു.
വയനാട് പള്ളിക്കുന്ന് ഏച്ചോം മുക്രാമൂല പുന്നന്താനം ജോസഫ് ത്രേസ്യ ദമ്പതികളുടെ മകനാണ് ജോമിഷ്. പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം.ഇസ്മയിലിന്റെ മകനാണ് സസിന്‍ ഇസ്മയില്‍. സസിന്റെ വിവാഹം അടുത്തമാസം നടത്താന്‍ നിശ്ചയിച്ചിരുന്നു.
കൊല്ലം ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയിലില്‍ ആന്റണി എഡ്വിനെ (27) കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി.
എണ്ണഖനനവുമായി ബന്ധപ്പെട്ട ദൗത്യത്തിലായിരുന്ന മൂന്നു ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഒരു ബാര്‍ജ് പൂര്‍ണമായും മുങ്ങിപ്പോയി. മരിച്ചവരിലേറെയും ഇതിലുണ്ടായിരുന്നവരാണ്. നാല്പത്തിയൊന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തി. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. 186 പേരെ രക്ഷപ്പെടുത്തിയിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച സസിന്‍ മൂന്നുമാസം മുന്‍പ് നാട്ടിലെത്തി മടങ്ങിയതാണ്. സില്‍വി ഇസ്മയിലാണ് അമ്മ. സഹോദരങ്ങള്‍: സിസിന, മിസിന.ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നഴ്സായ ഭാര്യ ജോയ്സിയൊന്നിച്ച് വയനാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്.മക്കള്‍: ജോയല്‍, ജോന. സഹോദരി: ജാസ്മിന്‍. ജോമിഷ് മരിച്ച വിവരം ബുധനാഴ്ച രാത്രിയാണ് വീട്ടില്‍ അറിയിച്ചത്.
കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിക്കുക. സംസ്‌കാരം ഏച്ചോം മൂക്രമൂല ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ നടക്കും. കാണാതായ ആന്റണി നാലുവര്‍ഷമായി മുംബയില്‍ ജോലി നോക്കുകയാണ്. രണ്ടര വര്‍ഷമായി ആഫ്കോണ്‍ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ചാള്‍സും ഡാനിയും സഹോദരങ്ങളാണ്.
"
https://www.facebook.com/Malayalivartha



























