സോണിയ മത്സരിക്കില്ല, പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിപ്പിക്കാനും അടുത്ത മാസത്തോടെ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനും നീക്കം, പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും എത്രത്തോളം നേട്ടമുണ്ടാക്കുമെന്നതിൽ ആശങ്ക

സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളാല്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നു . അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സരരംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. മകള്‍ പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിപ്പിക്കാനും അടുത്ത മാസത്തോടെ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനുമാണ് സോണിയയുടെ തീരുമാനം. അടുത്ത തെരഞ്ഞെടുപ്പില്‍ സോണിയ പ്രചാരണരംഗത്തും സജീവമായി ഉണ്ടാകാനിടയില്ല.
അതേസമയം സോണിയയെ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയില്‍ എംപിയായി നിലനിറുത്താനുള്ള മറ്റൊരു നീക്കവും സജീവമാണ്. കാല്‍ നൂറ്റാണ്ട് റായ്ബറേലിയുടെ മുഖവും ശബ്ദവുമായിരുന്ന സോണിയയുടെ വിരമിക്കല്‍നീക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ഇതിനൊപ്പം പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും എത്രത്തോളം നേട്ടമുണ്ടാക്കുമെന്ന ആശങ്കയും ഉയരുകയാണ്.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിക്ക് യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു ചനവും സൃഷ്ടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വര്‍ഷത്തോളം യുപിയില്‍ പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസിന് രണ്ട് അസംബ്ലി സീറ്റില്‍ വിജയം ഒതുക്കേണ്ടിവന്നു. റായ്ബറേലിയിലെ നിയമസഭാ മണ്ഡലങ്ങള്‍പോലും ബിജെപി പിടിച്ചടക്കിയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റില്‍ ഇനി വിജയിക്കുകയെന്നത് പ്രിയങ്കയ്ക്ക് അപ്രാപ്യമായി മാറാനുള്ള സാധ്യത ചെറുതല്ല.
ഉത്തര്‍പ്രദേശില്‍തന്നെ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ കാലങ്ങളോളം വിജയിച്ചിരുന്ന അമേഠി സീറ്റില്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അര ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. റായ്ബറേലി കൂടി നഷ്ടമായാല്‍ ഉത്തര്‍ പ്രദേശ് എന്നേക്കുമായി കോണ്‍ഗ്രസിന് കൈവിടുന്ന സാഹചര്യമുണ്ടാകുമോ എന്നാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയരുന്ന ആശങ്ക.
ലോക്സഭ തെരെഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഉത്തരാഖണ്ഡില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയം അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ച തെലങ്കാനയില്‍ നിന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം തെലങ്കാന കോണ്‍ഗ്രസ് ഘടകവും മുന്നോട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയില്‍ പ്രിയങ്ക ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. പ്രിയങ്കയെ കര്‍ണാടകത്തിലെ സുരക്ഷിതമണ്ഡലങ്ങളിലൊന്നില്‍ മത്സരിപ്പിക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ് ഘടകവും താല്‍പര്യം ഉന്നയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളാല്‍ രാഷ്ട്രീയം വിടുന്നതോടെ ഗാന്ധി കുടുംബം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമാകുന്ന സാഹചര്യമുണ്ടാകുമോ എന്നു പോലും ആശങ്ക ഉയരുകയാണ്.
അതേസമയം റായ്ബറേലിയെക്കാള്‍ സുരക്ഷിതമായി സോണിയ ഗാന്ധി തെലങ്കാനയില്‍ മത്സരിപ്പിക്കാന്‍ മറ്റൊരു നീക്കവുമുണ്ട്. റായ്ബറേലിയില്‍ തോല്‍ക്കേണ്ടിവന്നാല്‍ അത് സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനുമുണ്ടാക്കാവുന്ന വലിയ ആഘാതം മുന്‍കൂട്ടി കണ്ടാണ് ഇത്തരമൊരു നീക്കമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നു.സോണിയ തെലങ്കാനയിലെത്തിയാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയില്‍ ഏറെപ്പേരും അഭിപ്രായപ്പെടുന്നത്.
അതേ സമയം സോണിയ റായ്ബറേലി മണ്ഡലം വിട്ടുപോകരുതെന്നും മണ്ഡലത്തില്‍ ഇപ്പോഴും പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നും യുപി കോണ്‍ഗ്രസിലെ നേതാക്കള്‍ താല്‍പര്യപ്പെടുന്നു. സോണിയാ പിന്‍മാറിയാല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വിലാസമില്ലെന്നും പിന്‍മാറല്‍ തോല്‍വി ഭയന്നാണെന്ന ചിന്ത ജനങ്ങളിലുണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
സ്വാതന്ത്യം നേടിയശേഷം ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 17 തവണ വിജയിക്കുകയും മൂന്നു തവണ മാത്രം തോല്‍ക്കുകയും ചെയ്ത മണ്ഡലമാണ് റായ്ബറേലി. 2004 മുതല്‍ സോണിയ ഗാന്ധി തുടര്‍ച്ചയായി ഇവിടെ വിജയിച്ചുകൊണ്ടിരുന്നു.
രാഹുല്‍ ഗാന്ധി വയനാടിനു പുറമേ വീണ്ടും അമേഠിയില്‍ മത്സരിക്കാന്‍ ആലോചിക്കുന്നതായി പ്രബലമായ മറ്റൊരു പ്രചാരണമുണ്ട്. സ്മൃതി ഇറാനി അമേഠിയില്‍ കാര്യമായ ഒരു വികസനവും നടപ്പാക്കിയില്ലെന്നും രാഹുലിനെ അമേഠി ജനങ്ങള്‍ വീണ്ടും അംഗീരിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. എന്തായാലും രാഹുല്‍ ഗാന്ധി സുരക്ഷിതമണ്ഡലമായി വയനാട്ടില്‍തന്നെ മത്സരിക്കാനുണ്ടാകുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha























