മുപ്പതുകാരിയുടെ കരളിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നു

മുപ്പതുകാരിയുടെ കരളിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി കണ്ടെത്തി. യുപിയിലെ ബുലന്ദ്ഷഹറിലാണ് ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ അവസ്ഥ. ഇതിനെ മെഡിക്കല്‍ ഫീല്‍ഡില്‍ ഇതിനെ ഇന്‍ട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്‌നന്‍സി എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. യുവതിയ്ക്ക് ദിവസങ്ങളായി കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ ആള്‍ട്രാസൗണ്ട് സ്‌കാനുകളില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എംആര്‍ഐ ചെയ്യാന്‍ നിദേശിക്കുകയായിരുന്നു. ഇതിലൂടെയാണ് കരളിന്റെ വലത് ഭാഗത്ത് ഭ്രൂണത്തെ കണ്ടെത്തിയത്. 12 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് കൃത്യമായ ഹൃദയമിടിപ്പും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. യുവതിയുടെ ഗര്‍ഭപാത്രം ശൂന്യമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഭ്രൂണം നേരിട്ട് കരളിന്റെ കലകളില്‍ ഇംപ്ലാന്റ് ചെയ്ത നിലയിലായിരുന്നു. കരളില്‍ നിന്നുള്ള രക്തക്കുഴലുകളാണ് ഭ്രൂണത്തിന് പോഷകങ്ങള്‍ നല്‍കിയിരുന്നത്. ഇതുവരെ ലോകത്ത് ഇത്തരത്തില്‍ എട്ട് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നാണ് വിവരം.
ഗര്‍ഭാശയത്തിന് പുറത്തുള്ള ഗര്‍ഭധാരണങ്ങളാണ് എക്ടോപിക്ക് പ്രഗ്‌നന്‍സി. ഇതില്‍തന്നെ മിക്ക ഗര്‍ഭധാരണങ്ങളും ഫലോപിയന്‍ ട്യൂബുകളിലാണ് നടക്കുന്നത്. അപൂര്‍വമായി അണ്ഡാശയങ്ങളിലോ വയറിന്റെ അറയിലോ ഇവ കാണപ്പെടുന്നു. എന്നാല്‍ ബീജസങ്കലനം ചെയ്ത അണ്ഡം കരളില്‍ കാണപ്പെടുന്നതിനെയാണ് ഇന്‍ട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്‌നന്‍സി എന്ന് പറയപ്പെടുന്നത്. വൈദ്യശാസ്ത്രത്തില്‍ തന്നെ ഏറ്റവും അപൂര്‍വമാണ് ഇത്.
ഇത്തരം ഗര്‍ഭധാരണം അമ്മയ്ക്ക് വലിയ അപകടസാദ്ധ്യതയുണ്ടാക്കും. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ കരള്‍ പൊട്ടാനോ രക്തസ്രാവത്തിനോ കാരണമാകും. നിലവില്‍ ബുലന്ദ്ഷഹറില്‍ ഈ അവസ്ഥ കണ്ടെത്തിയ യുവതി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ ആസൂത്രണം ചെയ്യാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha