പ്രതിഷേധത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ മുൻ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക്

നേപ്പാളിൽ സെപ്റ്റംബർ 9 ന് നടന്ന 'ജനറൽ ഇസഡ്' പ്രതിഷേധത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ മുൻ നേപ്പാൾ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രാകറിനെ ഇന്ത്യയിലേക്ക് വിമാനത്തിൽ കൊണ്ടു വന്നു . റാബി ലക്ഷ്മി ചിത്രകാർ പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.
അക്രമാസക്തമായ പ്രതിഷേധത്തിനിടെ വീടിന് തീയിടുമ്പോൾ റാബി ലക്ഷ്മി ചിത്രകർ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ഇവർക്ക് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അവരുടെ ഇടതുകൈ പൂർണ്ണമായും തകർന്നിരുന്നു, പുക മൂലം ശ്വാസകോശം ബാധിച്ചതിനാൽ നെഞ്ചിൽ അണുബാധയുണ്ടായതായി അവരുടെ കുടുംബം പറഞ്ഞു. കീർത്തിപൂരിലെ ബേൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. ഇപ്പോൾ, ഡോക്ടർമാരുടെ ശുപാർശ പ്രകാരം, കൂടുതൽ ചികിത്സയ്ക്കായി അവരെ ന്യൂഡൽഹിയിലേക്ക് കൊണ്ടു വന്നു.
പ്രതിഷേധത്തിനിടെ കാഠ്മണ്ഡുവിലെ ദല്ലു പ്രദേശത്തുള്ള ഖനാലിന്റെ വീട് കത്തിച്ചു. 2011 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ ഖനാൽ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നു.
കെ പി ശർമ്മ ഒലിയുടെ സർക്കാർ താഴെയിറക്കാൻ കാരണമായ 'ജെൻ ഇസഡ്' പ്രതിഷേധത്തിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെട്ടു. പാർലമെന്റ്, പ്രസിഡന്റിന്റെ ഓഫീസ്, പ്രധാനമന്ത്രിയുടെ വസതി, സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ, മുതിർന്ന നേതാക്കളുടെ വീടുകൾ എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾ പ്രതിഷേധത്തിനിടെ നശിപ്പിക്കപ്പെടുകയും തീയിടുകയും ചെയ്തു.
"സംഘടിത ക്രിമിനൽ പ്രവൃത്തികൾ" എന്ന് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി വിശേഷിപ്പിക്കുകയും അക്രമത്തിൽ ഏർപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറയുകയും ചെയ്തു. ''ജെൻ ഇസഡ്' പ്രതിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയും കാർക്കി രൂപീകരിച്ചിട്ടുണ്ട്. മുൻ ജസ്റ്റിസ് ഗൗരി ബഹാദൂർ കാർക്കി, മുൻ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബിഗ്യാൻ റാൻ ശർമ്മ, നിയമ വിദഗ്ദ്ധൻ ബിശ്വേശ്വർ പ്രസാദ് ഭണ്ഡാരി എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങൾ. മൂന്ന് മാസമാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയ പരിധി.
https://www.facebook.com/Malayalivartha