നവജാതശിശുവിനെ വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

നവജാതശിശുവിനെ വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചുണ്ടുകള്‍ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ വായില്‍ കല്ലും കണ്ടെത്തി. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാനാകും ഇങ്ങനെ ചെയ്തത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കന്നുകാലികളെ മേയ്ക്കുന്ന ആളാണ് വനമേഖലയില്‍ കുട്ടിയെ കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ കുഞ്ഞിന്റെ വായില്‍ നിന്ന് കല്ല് നീക്കം ചെയ്തു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് നിലവില്‍ ചികിത്സയിലാണ്. ഭില്‍വാരയിലെ മണ്ഡല്‍ഗഡിലെ ബിജോളിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. സമീപത്തെ ആശുപത്രികളില്‍ നടന്ന പ്രസവങ്ങളുടെ കണക്ക് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വനമേഖലയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ആളുകളെയും ചോദ്യം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha