പൊലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് റീല്‍ ചിത്രീകരിച്ചു: പൊലീസ് വീഡിയോ പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി

ഭോജ്പുരി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ സ്ലോ മോഷനില്‍ നടന്ന് വരുന്ന റൂഹിയുടെ റീല്‍ ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ, സബ് ഇന്‍സ്‌പെക്ടറും വനിതാ കോണ്‍സ്റ്റബിളും റൂഹിയുടെ വീട്ടിലെത്തി വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
മരിച്ചാലും വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട് യുവതി. ഉത്തര്‍പ്രദേശ് സ്വദേശിനി റൂഹിയാണ് പൊലീസുമായി തര്‍ക്കത്തിലായത്. കോട്‌വാലി പൊലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് റീല്‍ ചിത്രീകരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി റൂഹി രംഗത്തെത്തുകയായിരുന്നു. പൊലീസ് സ്‌റ്റേഷന്റെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ചിത്രീകരിച്ചതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്.
എന്നാല്‍, റൂഹി വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നാല്‍ താന്‍ മരിക്കുമെന്ന് റൂഹി പൊലീസിനോട് പറയുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. റീല്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യും, താന്‍ ഒരു പെണ്‍കുട്ടിയാണ്. തനിക്ക് ആരെയും പേടിയില്ലെന്നും എന്തും ചെയ്യാന്‍ കഴിയുമെന്നും റൂഹി വീഡിയോയില്‍ പറയുന്നുണ്ട്.
പിന്നീട്, റൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ഭാഗം വിശദീകരിച്ചു. പൊലീസ് സ്‌റ്റേഷന് മുന്നില്‍ വീഡിയോ എടുത്താല്‍ ഇങ്ങനെയുണ്ടാകുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും, പൊലീസ് വീഡിയോ പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha