ഡോക്ടറായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റില്‍

ഡോക്ടറായ ഭാര്യയ്ക്ക് അനസ്‌തേഷ്യ നല്‍കി രോഗബാധിതയാക്കിയതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റിലായി. ജനറല്‍ സര്‍ജനായ ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡിയും സഹായിയുമാണ് പിടിയിലായത്. ത്വക്‌രോഗ വിദഗ്ദയായ കൃതിക റെഡ്ഡിയാണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21ന് ബംഗളൂരുവിലെ മുന്നേകൊല്ലല്‍ പ്രദേശത്തുളള വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവില്‍ അനസ്‌തേഷ്യ നല്‍കിയെന്നാണ് ആരോപണം.
അസുഖം ബാധിച്ച കൃതികയെ മഹേന്ദ്ര അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്നത്തെ സംഭവത്തില്‍ മറാത്തഹളളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 26നായിരുന്നു ഇരുവരുടെയും വിവാഹം. മഹേന്ദ്രയും കൃതികയും ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. ഒരു കാനുല സെറ്റ്, ഇഞ്ചക്ഷന്‍ ട്യൂബ് തുടങ്ങിയ സാധനങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
യഥാര്‍ത്ഥ മരണകാരണം കണ്ടെത്തുന്നതിനായി കൃതികയുടെ ആന്തരികാവയവങ്ങളും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) പരിശോധനയ്ക്ക് അയച്ചിരുന്നു. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണകാരണം വ്യക്തമായത്. ആന്തരികാവയവങ്ങളില്‍ അനസ്‌തേഷ്യാമരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൃതികയുടെ പിതാവ് ഒക്ടോബര്‍ 13ന് മഹേന്ദ്രയ്ക്കും സഹായിക്കുമെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവരെ കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി തന്റെ മെഡിക്കല്‍ വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം അന്വേഷിക്കേണ്ടതുണ്ടെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് പറഞ്ഞു. 'ഇതുവരെ ശേഖരിച്ച തെളിവുകളില്‍ നിന്ന് മഹേന്ദ്ര കുറ്റക്കാരനെന്നാണ് സംശയിക്കുന്നത്. കൃതികയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ഇയാളാണ്. ഭാര്യയ്ക്ക് ആരോഗ്യമില്ലെന്നും ചികിത്സയിലാണെന്നുമാണ് അന്ന് പറഞ്ഞത്. പിന്നീടാണ് യുവതിക്ക് അനസ്‌തേഷ്യ കുത്തിവച്ചതായി സ്ഥിരീകരിച്ചത്' പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha