പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി

പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന വളര്‍ത്തുനായ ചത്തെന്നാരോപിച്ച് പെറ്റ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി. ജീവനക്കാര്‍ക്കുണ്ടായ അനാസ്ഥ കാരണമാണ് വളര്‍ത്തുനായ ചത്തെന്നാണ് യുവതിയുടെ ആരോപണം. ഐടി ജീവനക്കാരിയായ യുവതിയാണ് പൂനെ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കല്യാണി നഗറില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ് ക്‌ളിനിക്കിന്റെ ഉടമയ്ക്കും നായയെ പരിചരിച്ച ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. വായില്‍ നിന്നും നുരയും പതയും വന്ന് ക്ലിനിക്കില്‍ വച്ചു തന്നെ നായ മരണപ്പെടുകയായിരുന്നു. കുളിപ്പിക്കുന്ന സമയത്ത് ജീവനക്കാരില്‍ നിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് യുവതി ആരോപിക്കുന്നു.
സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് യുവതിയും സുഹൃത്തും ചേര്‍ന്ന് ഒമ്പത് മാസം പ്രായമുള്ള വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ പെറ്റ് ക്ലിനിക്കില്‍ എത്തിച്ചത്. നായയ്ക്ക് സോപ്പ് വെള്ളം നക്കുന്ന ശീലമുള്ളതിനാല്‍ കുളിപ്പിക്കുമ്പോള്‍ വേണ്ട മുന്‍കരുതലെടുക്കണമെന്ന് ജീവനക്കാരെ യുവതി അറിയിച്ചിരുന്നു. സോപ്പ് വെള്ളം നക്കാതിരിക്കാനായി കഴുത്തില്‍ ഇകോളര്‍ ഘടിപ്പിക്കണമെന്നും ചങ്ങലയ്ക്ക് പകരം ബലമുള്ള കയര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല കുറഞ്ഞ ഗുണനിലവാരമുള്ള ഷാംപൂ ഉപയോഗിച്ചാണ് നായയെ കുളിപ്പിച്ചതെന്നും യുവതി പറയുന്നു. നായയുടെ കഴുത്തില്‍ ഘടിപ്പിച്ചത് പൂച്ചകള്‍ക്ക് ഉപയോഗിക്കുന്ന ചെറിയ ഇകോളര്‍ ആയിരുന്നെന്നും ഇത് സോപ്പ് വെള്ളം നക്കുന്നതിന് നായയെ അനുവദിച്ചുവെന്നും യുവതി പറയുന്നു. നായയുടെ കഴുത്തില്‍ ഇറുകിയ ഒരു ചങ്ങല ഇട്ടിരുന്നെന്നും പരാതിയില്‍ പറയുന്നു. 4 മണിയോടെ ക്ലിനിക്കില്‍ വച്ചു തന്നെ വായില്‍ നിന്ന് നുരയും പതയും വന്ന് നായ ചത്തു. ക്ലിനിക്കിലെ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ക്കായി യുവതി സമീപിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കിട്ടിയില്ല. യുവതിയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha