തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു

അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതിഭരണവും സാധ്യതയോ? ഈ 3 ചോദ്യങ്ങള്‍ക്ക് 4 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. ഡി എം കെയും അണ്ണാ ഡി എം കെയും തമ്മില്‍ കൈകോര്‍ത്ത് ഭരിക്കാമെന്ന നീക്കത്തില്‍ പുനരാലോചന. ഡി എം കെ എ ഐ എ ഡി എം കെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. ഇരു പാര്‍ട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാന്‍ കഴിയില്ലെന്നുമാണ് ഇളങ്കോവന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
അണ്ണാ ഡി എം കെ പിന്തുണയോടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഡി എം കെ നീക്കം കോണ്‍ഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. സ്റ്റാലിന് ബി ജെ പി ബന്ധമെന്നതടക്കമുള്ള കോണ്‍ഗ്രസ് ആരോപണം ഡി എം കെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ നീക്കത്തില്‍ നിന്ന് ഡിഎംകെ പിന്മാറിയതെന്നാണ് സൂചന. ഇത് വിജയിന്റെ ടി വി കെയ്ക്ക് വലിയ ആശ്വാസമാണ്. അതിനിടെ ഇടതുപാര്‍ട്ടികള്‍ വിജയിനെ പിന്തുണച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാര്‍ട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സര്‍ക്കാരിനുള്ള ചര്‍ച്ചകളും സജീവമാണ്.
അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എല്‍എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സര്‍ക്കാര്‍ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അര്‍ലേക്കര്‍ ചോദിക്കുന്നത്. സി പി എം, സി പി ഐ, മുസ്ലീം ലീഗ്, വി സി കെ പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുകയാണ് ടി വി കെ സംഘം. 2 എം എല്‍ എമാരുള്ള 4 പാര്‍ട്ടികള്‍ക്കും മന്ത്രിസഥാനവും എന്‍ ഡി എ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കള്‍ മുന്നോട്ട് വച്ചു. ഇന്നത്തെ നേതൃയോഗത്തില്‍ തീരുമാനം പറയാമെന്ന മറുപടിയില്‍ പ്രതീക്ഷ വച്ചിരിക്കുകയാണ് ടി വി കെ.
https://www.facebook.com/Malayalivartha


























