യൂട്യൂബറുടെ വീട്ടില്‍ മോഷണം: കള്ളന്മാര്‍ കൊണ്ടുപോയത് പത്തുലക്ഷത്തിന്റെ സാധനങ്ങള്‍

യൂട്യൂബറുടെ പത്തുലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളടക്കം മോഷണം പോയി. മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. യൂട്യൂബില്‍ ഹോം ടൂര്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് വീട്ടമ്മയും യൂട്യൂബറുമായ രചന ഗുര്‍ജാറിന്റെ വീട്ടില്‍ മോഷണം നടന്നത്.
പുലര്‍ച്ചെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രചനയെയും കുടുംബാംഗങ്ങളെയും മുറിയിലിട്ട് പൂട്ടിയതിനുശേഷം സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പണം, ഒരു വലിയ ബോട്ടില്‍ എനര്‍ജി ഡ്രിങ്ക് എന്നിവയുമായി കടന്നുകളയുകയായിരുന്നു. പത്തുലക്ഷം മൂല്യമാണ് ഇവയ്ക്കുള്ളതെന്നാണ് പൊലീസ് പറയുന്നു. മോഷ്ടാക്കള്‍ വീട്ടിലെ സിസിടിവി ക്യാമറകളുടെ ദിശ മാറ്റിവച്ചതായും പൊലീസ് കണ്ടെത്തി.
ഉറക്കമുണര്‍ന്നപ്പോഴാണ് മോഷണവിവരം രചനയും കുടുംബവും അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ഇവര്‍ പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തിയതിനുശേഷമാണ് പുറത്തിറങ്ങാനായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. പ്രദേശവാസികളോ ബന്ധുക്കളോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് രചനയ്ക്കുള്ളത്. അടുത്തിടെ തന്റെ വീട്, ആഭരണങ്ങള്‍, പണം, ജീവിതശൈലി എന്നിവ കാണിക്കുന്ന വീഡിയോകള്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയില്‍ മുറികളുടെ പ്രവേശന കവാടം മുതല്‍ വീടിന്റെ വിവിധ ഭാഗങ്ങള്‍ വരെ ഇവര്‍ കാണിക്കുന്നുണ്ട്. മറ്റൊന്നില്‍, ആഭരണങ്ങളും പണവും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഒരു മേശപ്പുറത്ത് വച്ചിരിക്കുന്നത് വീഡിയോയില്‍ പങ്കുവയ്ക്കുകയും ചെയ്തു. മോഷ്ടാക്കള്‍ ഇതുകണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha

























