പതിനേഴുകാരന്‍ ഓടിച്ച കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദിലെ ബോറബന്ദയില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്. പള്ളിയിലേക്ക് പോവുകയായിരുന്ന രാജ്കുമാര്‍ (60), പ്രഭാകര്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചശേഷം, അതുവഴി വന്ന ബൈക്കിലേക്ക് മാരുതി ബലേനോ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിരനിരയായി നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചുകയറുന്നതും, തുടര്‍ന്ന് സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഇതില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, പിന്നിലിരുന്നയാള്‍ കാറിനടിയില്‍ പെടുകയായിരുന്നു. കാര്‍ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി അടിയില്‍ കുടുങ്ങിപ്പോയി. അപകടം നടന്നയുടന്‍ ഓടികൂടിയ നാട്ടുകാരാണ് കാര്‍ ഉയര്‍ത്തി ഇയാളെ പുറത്തെടുത്തത്.
അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 17കാരനെ നാട്ടുകാര്‍ പിടികൂടി കൈയേറ്റം ചെയ്തു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാര്‍ വൃത്തിയാക്കുന്നതിനിടയില്‍ വാഹനത്തിനുള്ളില്‍ നിന്ന് താക്കോല്‍ എടുത്താണ് കുട്ടി വണ്ടി എടുത്തുകൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മധുരനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























