മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ . ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മധു മലയാള സിനിമയിൽ തന്റേതായൊരു അധ്യായം എഴുതിച്ചേർത്തിട്ടുണ്ട്. 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായരാണ് പിന്നീട് മലയാളികൾക്ക് പ്രിയപ്പെട്ട മധുവായിമാറിയത്.
സംവിധായകൻ, നിർമ്മാതാവ്, അധ്യാപകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മധു, മലയാള സിനിമയുടെ വളർച്ചയ്ക്കും പരിണാമത്തിനും ഒപ്പം സഞ്ചരിച്ച കലാകാരനാണ് അദ്ദേഹം. അഭിനയ കലയോട് ചെറുപ്പം മുതൽ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു എങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മധു മുന്നോട്ട് പോയത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായും പ്രവർത്തിച്ചു. അഭിനയത്തോടുള്ള താൽപര്യം അദ്ദേഹത്തെ പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്കും എത്തിക്കുകയാണ് ഉണ്ടായത്.
ഭാർഗവീനിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേധം, തുലാഭാരം, ആഭിജാത്യം, ഉമ്മാച്ചു, തീക്കനൽ, സ്വയംവരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മധുവിന്റെ അഭിനയജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായിരുന്നു രാമു കാര്യാട്ടിന്റെ ചെമ്മീൻ. 1970-ൽ പ്രിയ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാനരംഗത്തേക്ക് കടന്നു. തുടർന്ന് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം 2013-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. കേരള സർക്കാരിന്റെ സിനിമയിലെ പരമോന്നത ബഹുമതികളിലൊന്നായ ജെ സി ഡാനിയൽ പുരസ്കാരം 2004-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























