അവസാന ആയുധമായേ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുവെന്ന് കേന്ദ്ര സര്‍ക്കാര്‍

ജമ്മുകാഷ്മീരില്‍ സംഘര്‍ഷം ഉണ്ടാവുമ്പോള്‍ അവസാന ആശ്രയമെന്ന നിലയില്‍ മാത്രമെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആര്‍ക്കും ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയല്ല പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വ്യക്തമാക്കി.
ദുര്‍ഗന്ധമുള്ള ജലമോ, കണ്ണഞ്ചിപ്പിക്കുന്ന ലേസറുകളോ, അതി തീവ്രതയേറിയ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പര്യാപ്തമായവയല്ല. അതിനാല്‍ തന്നെ, പെല്ലറ്റ് തോക്കുകള്‍ക്ക് പകരം റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു കാഷ്മീര്‍ ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കാഷ്മീരില്‍ പെല്ലറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റ് കഴിഞ്ഞ വര്‍ഷം 78 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പലര്‍ക്കും കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ബദല്‍ മാര്‍ഗം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. ആഗസ്റ്റില്‍ സമിതി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹിര്‍ഷിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























