പാളംതെറ്റൽ ഒരു പതിവാകുന്നു ; ഒമ്പത് മണിക്കൂറിനിടെ മൂന്നു ട്രെയിനുകൾ പാളംതെറ്റി

മന്ത്രിയെ മാറ്റിയിട്ടും രക്ഷയില്ല. വ്യാഴാഴ്ച ഒമ്പതു മണിക്കൂറിനിടെ മൂന്നു ട്രെയിനുകൾ പാളം തെറ്റി. ഉത്തർപ്രദേശിലും, ഡൽഹിയിലും, മഹാരാഷ്ട്രയിലുമാണ് അപകടങ്ങൾ നടന്നത്. മഹാരാഷ്ട്രയിലെ ഖന്തലയിലാണ് ഒടുവിലെ അപകടംസംഭവിച്ചത്. വൈകുന്നേരം 3.55 ന് ആയിരുന്നു അപകടം. ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടാമത്തെ അപകടം രാജ്യതലസ്ഥാനത്ത് മിന്റോ ബ്രിഡ്ജിനു സമീപമായിരുന്നു. രാവിലെ 11.45 ന് റാഞ്ചി - ഡൽഹി രാജധാനി എക്സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
രാവിലെ ഉത്തർപ്രദേശിൽ ഒബ്ര ഡാം സ്റ്റേഷനിലായിരുന്നു ആദ്യ അപകടം. ഹൗറയിൽനിന്നു ജബൽപൂരിലേക്കു പോകുകയായിരുന്ന ശക്തിപൂഞ്ച് എക്സ്പ്രസിന്റെ ഏഴു ബോഗികളാണു പാളംതെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.അടുത്തിടെ ഉത്തർപ്രദേശിലുണ്ടായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി സുരേഷ് പ്രഭുവിൽനിന്ന് റെയിൽവേ വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റി യിരുന്നു. പുനഃസംഘടനയിൽ പിയൂഷ് ഗോയലിനാണു റെയിൽ മന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























