ഉത്തര്‍പ്രദേശില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അധികൃതരുടെ അനുവാദമില്ലാതെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന റാലിയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്.
റാലിയില്‍ പങ്കെടുത്ത ചന്ദന്‍ ഗുപ്ത(22) ആണ് മരിച്ചത്. നെഞ്ചിലായിരുന്നു ചന്ദന്‍ ഗുപ്തക്ക് വെടിയേറ്റത്. കാലില്‍ വെടിയേറ്റ നൗഷാദിനെ അലിഗഢിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിരംഗ യാത്ര എന്ന പേരില്‍ നടത്തിയ റാലിയിലെ ബൈക്ക് യാത്രക്കാര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ബാദു നഗറിലെ ഒരു സംഘം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ എതിര്‍ സംഘാംഗത്തെ അടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് പൊലീസ് പറയുന്നു.
വെടിവെപ്പ് നടത്തുന്നതിന് മുമ്പ് ഇരു ഗ്രൂപ്പുകളും പരസ്പരം കല്ലേറും നടത്തിയിരുന്നു. ഇപ്പോള്‍ സാഹചര്യം നിയന്ത്രണവിധേയമായെന്നും പ്രദേശം കനത്ത പൊലീസ് സുരക്ഷയിലാണെന്നും അധികൃതര്‍ അറിയിച്ചു. പ്രതികളെ പിടികൂടാന്‍ പൊലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. മരിച്ച ചന്ദന്‍ ഗുപ്ത ബി.ജെ.പി പ്രവര്‍ത്തകനല്ല. പാര്‍ട്ടിയല്ല റാലി നടത്തിയതെന്നും പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനാണെന്നും ബി.ജെ.പി വാക്താവ് പറഞ്ഞു.
ജനങ്ങള്‍ ഐക്യവും സമാധാനവും പാലിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പ്രശ്‌നക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























