ആസാമില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാന്‍ഡിന്റെ ഭാഗമാക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദിമാസ എന്ന ഗോത്രവിഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തെ നാഗലാന്‍ഡിന്റെ ഭാഗമാക്കുമെന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ഇവിടെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദിമ ഹസാവോ ജില്ലയില്‍ വ്യാഴാഴ്ച 12 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്.
മൈബോംഗ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ വരുത്തി. ഇതേത്തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും വ്യാഴാഴ്ച രാത്രിയോടെ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് വെടിയേറ്റ രണ്ടാമന്‍ മരിച്ചത്.
പോലീസ് ഏറെനേരം സംയമനം പാലിച്ചിരുന്നുവെന്നും സാഹചര്യം നിയന്ത്രണാതീതമാണെന്ന് വ്യക്തമായപ്പോള്‍ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നുമാണ് പോലീസ് വിശദീകരണം.
https://www.facebook.com/Malayalivartha























