ടൂറിസ്റ്റുകള്‍ക്ക് കന്യകമാരെ വാഗ്ദാനം ചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ് ; റോഡ്രിയോ ഡ്യൂടെര്‍റ്റെയുടെ പരാമർശം വിവാദത്തിലേക്ക്

സ്ത്രീവിരുദ്ധ തമാശകള്‍ നിരന്തരം പറയുന്നതില്‍ കുപ്രസിദ്ധനാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിയോ ഡ്യൂടെര്‍റ്റെ. ഇസ്ലാമിക് സ്‌റ്റേറ്റിനെ പരിഹസിക്കുന്നതിന് വേണ്ടി പറഞ്ഞ തമാശയാണ് വിവാദത്തിലായത്. ജിഹാദിന് വേണ്ടി പോരാടുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ 72 കന്യകമാരേയും മദ്യപ്പുഴയും ലഭിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആ ഭാഗ്യം ഭൂമിയിലാണ് ലഭിക്കേണ്ടതെന്ന് ഡ്യുടെര്‍റ്റെ പറഞ്ഞു.
ആസിയാന്‍ സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഫിലീപ്പീന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഡ്യൂടെര്‍റ്റെ. 72 കന്യകമാരുമായി യാത്ര ചെയ്യുന്നവരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 72 കന്യകമാര്‍ സ്വര്‍ഗത്തിലല്ല, ഭൂമിയില്‍ തന്നെ വേണമെന്നാണ് തന്റെ താല്‍പ്പര്യം. എന്നാല്‍ ദൈവം അത് അനുവദിക്കുന്നില്ലെന്ന് ഡ്യുടെര്‍റ്റെ പറഞ്ഞു.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഡ്യൂടെര്‍റ്റെ നേരത്തെയും വിവാദത്തിലായിട്ടുണ്ട്. 2017 ജൂണ്‍ മാസത്തില്‍ മിസ് യൂണിവേഴ്‌സിനെ ബലാത്സംഗം ചെയ്യാന്‍ ഡ്യുടെര്‍റ്റെ പരോക്ഷമായി ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. മിസ് യൂണിവേഴ്‌സിനെ ബലാത്സംഗം ചെയ്യുന്നവരെ താന്‍ അഭിനന്ദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഒരു പട്ടാളക്കാരന് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു മറ്റൊരു പ്രസ്താവന. 1989ല്‍ ബലാത്സംഗത്തിനിരയായി മരിച്ച സ്ത്രീ സുന്ദരിയായിരുന്നു എന്ന് ഡ്യൂടെര്‍റ്റെ പ്രസ്താവിച്ചതും വിവാദമായിരുന്നു. 2016 ജൂണില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ ചൂളം വിളിച്ച് കളിയാക്കിയതിനും അദ്ദേഹം വിമര്‍ശനം നേരിട്ടു.
https://www.facebook.com/Malayalivartha
























