ജമ്മുകാശ്മീരില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റ മൂന്നാമനും മരണത്തിന് കീഴടങ്ങി

ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ മൂന്നാമനും മരണത്തിനു കീഴടങ്ങി. നാര്‍പോറ ഗ്രാമത്തില്‍ നിന്നുള്ള റയീസ് അഹമ്മദ് ഗാനി(23)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. തലക്ക് വെടിയേറ്റ റയീസിനെ ശ്രീനഗറിലെ ഷേര്‍ ഐ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് ഗനോപൊര ഗ്രാമത്തില്‍ ആള്‍ക്കൂട്ടത്തിനുനേരെ സൈന്യം വെടിയുതിര്‍ത്തത്.
വെടിവെപ്പില്‍ യുവാക്കളായ സുഹൈല്‍ ലോന്‍, ജാവിദ് ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. റയീസിന്റെ മരണത്തോടെ താഴ്‌വരയില്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണം ആറായി. ഷോപ്പിയാന്‍ വെടിവെപ്പില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈന്യത്തിലെ 'പത്ത് ഗര്‍വാള്‍' യൂനിറ്റിലെ മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധക്കാര്‍ കല്ല് എറിഞ്ഞതിനെ തുടര്‍ന്ന് സ്വയം പ്രതിരോധമെന്ന നിലയില്‍ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വാദം.
https://www.facebook.com/Malayalivartha
























