ഏറ്റെടുക്കേണ്ടി വരുന്നത് കൃഷിയിടവും വനവും ഉള്‍പ്പെടെ 2560 ഹെക്ടര്‍ ഭൂമി; പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടിൽ കര്‍ഷകര്‍ ; സേലം-ചെന്നൈ പുതിയ എട്ടുവരി പാതയ്ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു

സേലം-ചെന്നൈ പുതിയ എട്ടുവരി പാതയ്ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. വനഭൂമി ഏറ്റെടുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുണ്ട്. അതേസമയം കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിയ്ക്കുമെന്ന് സേലം കലക്ടര്‍ ബി. രോഹിണി പറഞ്ഞു.
കൃഷിയിടങ്ങളും വനവും റോഡ് നിർമാണത്തിനായി ഏറ്റെടുക്കേണ്ടിവരും. ഇതാണ് പ്രതിഷേധത്തിന് കാരണം. 2560 ഹെക്ടർ ഭൂമിയാണ് പുതിയപാതക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 49 ഹെക്ടർ വനഭൂമിയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഭൂമി റോഡിനായി വേണ്ടി വരുമെന്നും സര്‍ക്കാര്‍ കബളിപ്പിയ്ക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
സമരം ശക്തമാകുമ്പോഴും ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുമ്പോട്ടു പോവുകയാണ്. ഭൂമി ഏറ്റെടുക്കാന്‍ അനുവദിയ്ക്കില്ലെന്ന് സേലം ജില്ലയില്‍ മാത്രം, അറുനൂറില്‍ അധികം കുടുംബങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചു കഴിഞ്ഞു.
സേലം, കാഞ്ചീപുരം, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി തുടങ്ങിയ അഞ്ചു ജില്ലകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. നിലവില്‍ സേലത്തു നിന്നു ചെന്നൈയിലേയ്ക്ക് രണ്ടു റോഡുകളുണ്ട്. കൃഷ്ണഗിരി വഴിയും ഉഴുന്തർപേട്ട് വഴിയും. 360 കിലോമീറ്ററും 350 കിലോമീറ്ററുമാണ് ദൈർഘ്യം. യാത്രയ്ക്കായി 5 മുതല്‍ 6 മണിക്കൂർ വരെ വേണ്ടിവരും. ഇതിന് പകരമായാണ് 277 കിലോമീറ്റർ ദൂരത്തില്‍ പുതിയ എട്ടുവരി പാത. റോഡ് യാഥാര്‍ത്ഥ്യമായാല്‍ സേലത്തു നിന്നു ചെന്നൈയിലേയ്ക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha