ഭിക്ഷക്കാർക്കും, വീടില്ലാത്തവർക്കും രണ്ടായിരം രൂപയിൽ കുറയാതെ സഹായം; എട്ട് ലക്ഷം രൂപ മുടക്കി ഗംഭീര സൽക്കാരം:ക്ഷേത്രത്തിലെ ഭക്തർക്കും സംഭാവന!! കൊറിയര്‍ സര്‍വീസ് ജീവനക്കാരന്റെ ദാനധര്‍മ്മം നാട്ടിലെങ്ങും പാട്ടായതോടെ എട്ടിന്റെ പണി പിന്നാലെ എത്തി...

പണം കൊടുത്ത് ആള്‍ക്കാരെ സഹായിച്ചതിന്റെ പേരില്‍ ദാന ധർമ്മി പൊലീസ് പിടിയിലായി. ഒരാളെ പണം കൊടുത്ത് സഹായിച്ചതിന് എന്തിന് പൊലീസ് പിടിക്കണം എന്നു ചിന്തിക്കാന്‍ വരട്ടെ. സ്വന്തം പണമല്ല, മറിച്ച് മോഷ്ടിച്ച പണം കൊണ്ടാണ് ഇയാള്‍ നാട്ടുകാരെ സഹായിച്ചു വന്നത്.
ഒരു സുപ്രഭാതം കൊണ്ടുണ്ടായ ദാനധര്‍മത്തെ കുറിച്ച് നാട്ടിലാകെ പാട്ടായതോടെ, പൊലീസും പതിയെ അന്വേഷണത്തിനിറങ്ങി. അങ്ങനെയാണ് ദാനശീലന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും അറിയുന്നത്. 36കാരനായ രമേശ് റാവത്ത് എന്നയാളാണ് തന്റെ അമിതാവേശം കൊണ്ട് പൊലീസ് പിടിയിലായത്.
ഒരു കൊറിയര്‍ സര്‍വീസ് ജീവനക്കാരനാണ് ഇയാള്‍. മുംബൈ സ്വദേശിയായ ഒരു വ്യക്തിയില്‍ നിന്നാണ് ഇയാള്‍ 80 ലക്ഷം രൂപ മോഷ്ടിക്കുന്നത്. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാള്‍. പക്ഷേ കിട്ടിയതു മുഴുവന്‍ ചെലവാക്കാതെ ഇയാള്‍ കുറെ പണം നാട്ടുകാര്‍ക്കും അങ്ങ് വിതരണം ചെയ്തു.
ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കൊറിയര്‍ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വൃന്ദാവനിലെത്തിയ ശേഷമാണ് രമേശ് പണം മോഷ്ടിക്കുന്നത്. പണം കിട്ടി അധികം വൈകാതെ തന്നെ രമേശ് ഒരു സത്കാരം നടത്തി. എട്ട് ലക്ഷം രൂപ മുടക്കിയാണ് ഇത് നടത്തിയത്. ഇതിന് പുറമെ മറ്റ് പല കാര്യങ്ങള്‍ക്കും ഇയാള്‍ വലിയ രീതിയില്‍ പണം മുടക്കാന്‍ തുടങ്ങി.
വൈകാതെ തന്നെ വൃന്ദാവനില്‍ രമേശ് എന്ന വ്യക്തി ഒരു സംസാര വിഷയമായി മാറി. ഭിക്ഷക്കാര്‍ക്കും വീടില്ലാത്തവര്‍ക്കുമൊക്കെ രണ്ടായിരം രൂപയാണ് രമേശ് കയ്യയച്ചു നല്‍കിയത്. ഇതിന് പുറമെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കു കുളിക്കാനായി ഒരു സ്റ്റീമറും ഇയാള്‍ വാങ്ങി നല്‍കി. നിരവധി ഭക്തര്‍ യമുനയില്‍ മുങ്ങി മരിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഈ സംഭാവന.
ഇത്രയുമൊക്കെ ആയപ്പൊഴേക്കും പൊലീസിന് ആകെപ്പാടെ സംശയമായി. ഒന്നുമല്ലാതിരുന്ന ഒരുവന്‍ ഒരു സുപ്രഭാതത്തില്‍ അവിടെ ചെയ്തു കൂട്ടിയത് അവരെയെല്ലാം അമ്പരപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പണം മോഷ്ടിച്ച വിവരം ലഭിക്കുകയായിരുന്നു. മോഷണത്തിന് ശേഷം രമേശ് ബംഗലുരുവിലും, കൊല്‍ക്കത്തയിലുമെത്തി അവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും താമസിച്ചിരുന്നു. ബന്ധുക്കളെ വിളിക്കാനായി മാത്രം രമേശ് പ്രത്യേകം സിം കാര്‍ഡ് എടുത്തിരുന്നു. ഇവയും പൊലീസ് പരിശോധിച്ചു. നിരവധി ആപ്പിള്‍ ഐ ഫോണുകളും, സ്വര്‍ണ്ണവും, ലക്ഷക്കണക്കിന് രൂപയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
മഥുരയിലെയും മുംബൈയിലെയും പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കള്ളത്തരം പിടികൂടിയത്.
https://www.facebook.com/Malayalivartha