കേരളത്തിന്റെ ധനപ്രതിസന്ധിക്കെല്ലാം കാരണം കേന്ദ്രാവഗണനയാണെന്ന നരേറ്റീവ് ഉണ്ടാക്കിയെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മറച്ചു വയ്ക്കാനാണ് ശ്രമം; അതുകൊണ്ടാണ് പ്രതിപക്ഷം ഡല്‍ഹി സമരത്തിന് പോകാത്തത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കേണ്ട ആവശ്യം കര്‍ണാടക സര്‍ക്കാരിനില്ല. കര്‍ണാടക നടത്തിയത് മറ്റൊരു സമരമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കേരളത്തിന്റെ ധനപ്രതിസന്ധിക്കെല്ലാം കാരണം കേന്ദ്രാവഗണനയാണെന്ന നരേറ്റീവ് ഉണ്ടാക്കിയെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മറച്ചു വയ്ക്കാനാണ് ശ്രമം. അതുകൊണ്ടാണ് പ്രതിപക്ഷ ഡല്‍ഹി സമരത്തിന് പോകാത്തത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
കോടതിയിലും നിയമസഭയിലും ഡല്‍ഹിയിലും പരസ്പരവിരുദ്ധമായാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചതാണ്. നികുതി പിരിവിലെ പരാജയവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. അനേകം കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. 1995-ലെ പത്താം ധനകാര്യ കമ്മിഷനെയും പതിനഞ്ചാം ധനകാര്യ കമ്മിഷനെയും താരതമ്യപ്പെടുത്തിയുള്ള കണക്കാണ് സര്‍ക്കാര്‍ പറയുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
14, 15 ധനകാര്യ കമ്മിഷന്റെ പ്രശ്‌നങ്ങളാണ് കര്‍ണാടക ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്ക് വരള്‍ച്ച ദുരിതാശ്വാസം ഇതുവരെ കിട്ടിയിട്ടില്ല. എട്ട് മാസത്തിനിടെ 2000 രൂപ സ്ത്രീകള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നാല് പദ്ധതികളാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളത്തില്‍ പെന്‍ഷന്‍ പോലും നല്‍കാത്ത സര്‍ക്കാരാണ്. ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കുന്നില്ല. വികസന- സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടക്കുന്നില്ല. എന്നിട്ടാണ് വീണ്ടും കടമെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. കടമെടുപ്പിന് പരിധി നിശ്ചയിക്കരുതെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കടമെടുപ്പിന്റെ പരിധി കൂടി മാറ്റിയാല്‍ സംസ്ഥാനം എവിടെ പോയി നില്‍ക്കും? കേരളത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടിരിക്കുന്നത്. ധനപ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം രണ്ടു തവണ ഇറക്കിയ ധവളപത്രത്തില്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയതാണ്. സംസ്ഥാന വിഹിതം 1.92 ശതമാനമാക്കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. അന്നൊന്നും സമരം ഇല്ലായിരുന്നു.
ഈ കമ്മിഷന്റെ കാലാവധി തീരാറായപ്പോഴാണ് സമരവുമായി ഇറങ്ങിയിരിക്കുന്നത്. നിലയില്ലാക്കയത്തിലായപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ നുണ ആവര്‍ത്തുച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന നുണ നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചു. അതുപോലുള്ള പച്ചക്കള്ളമാണ് 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്നത്. ഇതും ഞങ്ങള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha