കേന്ദ്ര സഹായം ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശം; മോദിക്ക് മറുപടിയുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വികസനത്തിന് എതിരുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം അനുവദിക്കില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം പ്രസ്താവനകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്ര സഹായം ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഗുജറാത്തിൽ നടന്ന പൊതുപരിപാടിയിൽ വച്ചാണ് വികസനത്തിന് എതിരു നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കില്ലെന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങളോട് അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചതുകൊണ്ട് മാത്രമാണ് ഗുജറാത്തിന് വികസന രംഗത്ത് മുന്നേറാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha