വിശ്വാസികളെ ആവേശത്തിലാഴ്ത്തി ഫ്രാൻസിസ് മാർപ്പാപ്പ ; ഇന്ന് സായിദ് സ്റ്റേഡിയത്തിൽ വിശുദ്ധ കുര്‍ബാനയിലും പൊതു പരിപാടിയിലും പങ്കെടുക്കും

ത്രിദിന സന്ദർശനത്തിനായി ചരിത്രം കുറിച്ച് അറബ് ലോകത്ത് ആദ്യമായിയെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയിലും പൊതു പരിപാടിയിലും പങ്കെടുക്കും.
ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള ഒന്നരലക്ഷത്തോളം വിശ്വാസികളെ സ്വീകരിക്കാന്‍ സായിദ് സ്പോര്‍ട്സ് സിറ്റി ഒരുങ്ങിക്കഴിഞ്ഞു.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ആരവങ്ങള്‍ അലയടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജനലക്ഷങ്ങളെ വരവേല്‍ക്കാനായി അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം സന്നദ്ധയായി കഴിഞ്ഞു . 1979 ല്‍ യു എ ഇ യിൽ നിർമിച്ച ഏറ്റവും വലിയ സ്റ്റേഡിയം എന്ന ഖ്യാതിയുള്ള സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും വലിയ ജനക്കൂട്ടത്തിനാകും കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെത്തുമ്പോള്‍ വേദിയാവുക.
45,000 ഇരിപ്പിടമുള്ള ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിന്‍റെ നടുത്തളത്തില്‍ എഴുപത്തിഅയ്യായിരം കസേരകള്‍ അധികമായി ഇടം പിടിക്കും. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുലക്ഷത്തി ഇരുപതിനായിരം പേര്‍ സറ്റേഡിയത്തിലേക്കൊഴുകി നീങ്ങും .
പൊതുജനങ്ങൾക്ക് സ്റ്റേഡിയത്തിനു പുറത്തുള്ള വലിയ സ്‌ക്രീനിൽ പരിപാടി തത്സമയം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തും പുറത്തും നില്‍ക്കുന്ന വിശ്വാസികളെ കൂടുതല്‍ അടുത്ത് കാണുന്നതിനും ആശിര്‍വദിക്കുന്നതിനും മാര്‍പാപ്പയുടെ വാഹനമായ പോപ്പ് മൊബീലും എത്തിച്ചിട്ടുണ്ട്.
അബുദാബി ബസ് ടെർമിനലിൽനിന്ന് പത്തുകിലോമീറ്റർ പിന്നിട്ടാല്‍ സായിദ് സ്റ്റേഡിയത്തിലെത്താൻ കഴിയും . പോപ്പിന്റെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് നൽകിയ പലനിറത്തിലുള്ള ബസ് പാസുകളുടെ നിറമുള്ള പതാകകള്‍ സ്റ്റേഡിയത്തിനുചുറ്റുമായി സ്ഥാപിക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. യുഎഇയുടെയും വത്തിക്കാന്‍റേയും പതാകകളും ഗാലറികളില്‍ ഇടം പിടിച്ചിട്ടുണ്ട്.
അബുദാബിയിലെത്തിയ മാർപാപ്പയെ സായിദ് സ്റ്റേഡിയത്തിലെത്തി കാണാൻ കഴിയാത്ത അവശരായ വിശ്വാസികളെ സെയിന്‍റ് ജോര്‍ജ് കത്തീഡ്രലിലെത്തി പോപ്പ് ആശീര്‍വദിക്കും. മാർപാപ്പയുടെ കരസ്പർശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നവരില്‍ സെറിബ്രല്‍ പാൾസി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനുമുണ്ട്.
https://www.facebook.com/Malayalivartha