ഒമാനിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി, ഒഴുക്കിൽപ്പെട്ട രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന മറ്റ് നാല് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും മരണം മൂന്നായി. വാഹനം മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊടുന്നനെയുണ്ടായ മഴയിൽ വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടു തോടുകളായി ഒഴുകിയത് മൂലം ഉണ്ടായ അപകടമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. ബുറേമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിലെ താഴ്വരയിൽ രണ്ട് വാഹനങ്ങളാണ് ഇന്നലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.
നാല് പേരെ ഉടനെ തന്നെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ബാക്കിയുള്ള 3 പേരാണ് മരിച്ചത്. പൊടുന്നനെയുള്ള വെള്ളപ്പാച്ചിൽ രൂപപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന തോടുകൾ വാഹനം കൊണ്ട് മറികടക്കരുതെന്ന നിർദേശം നിലനിക്കുകയാണ്. ഒമാനിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി.
അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവര്ണറേറ്റുകളിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ പെയ്തതും വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടതും. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തതോടെ പ്രദേശത്തെ താഴ്വരകളിലേക്ക് വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സുമേയിൽ വിലായത്തിലെ വാദി അൽ-ഉയയ്‌ന വെള്ളപാച്ചിലിൽ കരകവിഞ്ഞു.
താഴ്‌വരകളിൽ രൂപപ്പെടുന്ന വെള്ളകെട്ടുകളിൽ നീന്തുവാൻ ശ്രമിക്കരുതെന്നുംതാഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ശർഖിയ, അൽ വുസ്ത, ദോഫാർ, എന്നി മേഖലകളിലെ തീരത്തോട് ചേർന്ന് മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
https://www.facebook.com/Malayalivartha