യുഎഇയില്‍ നിന്ന് കാണാതായത് ദിവസങ്ങള്‍ക്ക് മുന്‍പ്, മലയാളി യുവാവിനെ ദെയറയിൽ നിന്നും കണ്ടെത്തി, സന്ദര്‍ശക വീസയുടെ കാലാവധി പൂര്‍ത്തിയായതിനാൽ ആലപ്പുഴ സ്വദേശിയെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കും...!!

യുഎഇയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ സ്വദേശി സാബു കുരിശിങ്കല്‍ എന്ന സെബാസ്റ്റ്യനെ (34)നെ ദുബായ് ദെയറയിൽ നിന്നുമാണ് കണ്ടെത്തിയത്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിജു പന്തളം ആണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ മാസം 31ന് രാത്രി മുതലാണ് യുവാവിനെ കാണാതായത്.
തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തി വരുകയായിരുന്നു. നിലവില്‍ സാബു ദുബൈ സിഐഡിയുടെ കസ്റ്റഡിയിലാണ്. സന്ദര്‍ശക വീസയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ സാബുവിനെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
2017 മുതല്‍ യുഎഇയിലുള്ള സാബു വിവിധ എമിറേറ്റുകളിലായി ജോലി ചെയ്തുവരികയായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന കംപനിയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. കോവിഡ്-19 കാലത്ത് ജോലി നഷ്ടപ്പെട്ടു. പിന്നീട് അബൂദബിയില്‍ ഒരു കര്‍ട്ടന്‍ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്‌തെങ്കിലും അതും വിടേണ്ടി വന്നു. അബൂദബിയിലുള്ള അമ്മ മേരി ജസിന്തയെ എല്ലാ ദിവസവും ഫോണിൽ വിളിച്ചിരുന്ന സാബു ഇടയ്ക്ക് നേരിട്ട് ചെന്ന് കാണാറുമുണ്ടായിരുന്നു.
കാണാതാവുന്നതിന് രണ്ട് ദിവസം മുന്‍പ് അബൂദബിയിലെത്തി അമ്മയെ സന്ദര്‍ശിച്ചു. ശാര്‍ജയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് പറഞ്ഞ് മടങ്ങിയതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. വൃക്ക രോഗി കൂടിയായ മകന് നേരത്തെയും പല അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്. എന്തായാലും ആ അമ്മയുടെ പ്രാർത്ഥയുടെ ഫലമായി മകനെ ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha