നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ, കുവൈത്തിൽ പ്രവാസികളുടെ 913 ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു, രാജ്യത്ത് പരിശോധന തുടരും...!

പ്രവാസികളിൽ പിടിമുറുക്കി കുവൈത്ത് ഭരണകൂടം. സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും പരിശോധനകൾ തുടരാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്ദ് അസ്സബാഹ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കഴിഞ്ഞു.
നിയമം എല്ലാവർക്കും ബാധകമാക്കാനും സുരക്ഷ ഉദ്യോഗസ്ഥരുടെ സജീവ സാന്നിധ്യം എല്ലായിടത്തും ഉറപ്പാക്കാനും സുരക്ഷ വിഭാഗങ്ങൾക്കിടയിൽ സമ്പൂർണ ഏകോപനം നടത്താനും അദ്ദേഹം നിർദേശിച്ചു. നിലവിൽ ഗതാഗത നിയമം ലംഘിച്ച പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്ന നടപടി രാജ്യത്ത് തുടരുകയാണ്.കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി ട്രാഫിക് വകുപ്പ് അറിയിച്ചിരിക്കുകയാണ്. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ.
ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു. പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ പരിശോധന തുടരുമെന്നാണ് സൂചന.അതേസമയം വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണ്. രണ്ട് പെനാൽറ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിക്കുകയോ ചെയ്താൽ നാല് പോയിന്റുകളും ചുമത്തപ്പെടും. 14 പെനാൽറ്റി പോയിന്റുള്ളവർക്കാണ് ആദ്യ സസ്പെൻഷൻ ലഭിക്കുക. മൂന്ന് മാസത്തേക്ക് ലൈസൻസ് പിൻവലക്കപ്പെടും.
വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ച് 12 പോയിന്റുകൾ കൂടെ വന്നാൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകൾ വന്നാൽ ഒമ്പത് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ ലഭിക്കും. എട്ട് പോയിന്റുകൾ കൂടെ വന്നാൽ ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ആറ് പോയിന്റുകൾ കൂടെ വന്നാൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
https://www.facebook.com/Malayalivartha