യുഎഇയിൽ കനത്ത മുടൽ മഞ്ഞ്, വിവിധ എമിറേറ്റുകളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇയിൽ കനത്ത മുടൽ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍കാലങ്ങളിലും രാവിലെയും ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ എമിറേറ്റുകളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. മലയോര മേഖലകളിലാണ് മൂടല്‍ മഞ്ഞ് ശക്തമാണ്. കനത്ത മുടൽ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ
വാഹനം ഓടിക്കുന്നവര്‍ക്ക് വിവിധ എമിറേറ്റിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. വിവിധ റോഡുകളിലെ വേഗ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.വിവിധ പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 31ഉം പര്‍വതപ്രദേശങ്ങളില്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില താഴ്‌ന്നേക്കാം. രാജ്യം ക്രമേണ ശൈത്യകാലത്തിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് താപനിലയിലെ ഈ മാറ്റം. ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യം ശൈത്യകാലത്തിലേക്ക് കടക്കുക. കാലാവസ്ഥാ മാറ്റത്തിനൊപ്പം പകല്‍ സമയത്തിന്റെ ദൈര്‍ഘ്യത്തിലും കുറവ് ഉണ്ടായിട്ടുണ്ട്.
അതേസമയം, രാജ്യത്തെ കടുത്ത വേനലിൽ ഉച്ചവെയിലിൽ നിന്ന് പുറംജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നൽകിവന്ന ഉച്ചവിശ്രമ നിയമം സമാപിച്ചു. ജൂൺ 15 മുതൽ വെള്ളിയാഴ്ച്ച വരെ മൂന്ന് മാസത്തേക്കായിരുന്നു നിയമം. ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെയായിരുന്നു തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. വർഷങ്ങളായി തുടരുന്ന ഈ നിയമം കെട്ടിട നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏറെ ഗുണകരമാണ്.
https://www.facebook.com/Malayalivartha