യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചു, രാജ്യം ഘട്ടം ഘട്ടമായി ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം

യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചതായി കാലാവസ്ഥാ വിദഗ്ധര്‍. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില കുറഞ്ഞ് ഘട്ടം ഘട്ടമായി ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ താപനില 25 ഡിഗ്രി വരെ കുറഞ്ഞേക്കാം. രാത്രികാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
രാജ്യം ക്രമേണ ശൈത്യകാലത്തിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് കാലാവസ്ഥയിലെ ഈ മാറ്റം. യുഎഇയില്‍ വേനല്‍ക്കാലം ഇന്നലെ അവസാനിച്ചതായി ഷാര്‍ജ പ്ലാനറ്റേറിയം സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് വ്യക്തമാക്കിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത മാസം രണ്ടോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തില്‍ എത്തിച്ചേരും.
ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് കൊണ്ട് കഴിഞ്ഞ മാസം യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. സുഹൈല്‍ ഉദിച്ച് 40 ദിവസത്തിന് ശേഷമാണ് ശൈത്യകാലം ആരംഭിക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും.
https://www.facebook.com/Malayalivartha