താമസ നിയമലംഘനം, സൗദിയിൽ 15,000 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു, 10,482 പേരെ നാടുകടത്തി
നിയമങ്ങൾ കർശനമായി ഒരു വിട്ടുവീഴ്ച്ചയും കൂടാതെ നടപ്പിലാക്കുന്ന ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ നടപടി എടുക്കുകയും ചെയ്യും. രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുകയാണ്. ഇപ്പോൾ രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചതിന് ഒരാഴ്ചക്കിടെ 15,000 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
10,482 പേരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തിന്റെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നടപടി. സെപ്തംബർ 14 മുതൽ 20 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നതെന്ന് സഊദി വാർത്താ ഏജൻസിയായ എസ്.പി.എ റിപ്പോർട്ട് ചെയ്യുന്നു.
പിടിയിലായവരിൽ 9,538 പേർ രാജ്യങ്ങളുടെ റസിഡൻസി സമ്പ്രദായം ലംഘിച്ചവരും, 3,694 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1,822 പേരും ഉൾപ്പെടുന്നു.നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകൾ ലഭിക്കുന്നതിന് മറ്റ് 38,220 പേരെ അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ 1,722 നിയമവിരുദ്ധരെ കൂടി യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അവർക്ക് ഗതാഗതമോ പാർപ്പിടമോ ഏതെങ്കിലും തരത്തിലുള്ള സഹായമോ നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha