ദുബായിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം, സന്ദര്‍ശക വിസയിലെത്തിയ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദുബായിലെ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവ് നിതിന്‍ ദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിതിന്‍ ദാസ് ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടയിലാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഒക്ടോബര്‍ 18 ബുധനാഴ്ച രാത്രി 12.20 ഓടെ കരാമയിലെ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപത്തുള്ള ബിന്‍ഹൈദര്‍ ബില്‍ഡിങിലായിരുന്നു അപകടം. മലയാളികളായ രണ്ടു പേരാണ് അപകടത്തില്‍ മരിച്ചിരുന്നത്. ബര്‍ദുബായ് അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (42)യുടെ മൃതദേഹം രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം സംഭവസ്ഥലത്തുവച്ച് കണ്ടെടുക്കുകയായിരുന്നു. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഒമ്പത് പേര്‍ക്കാണ് തീപ്പൊള്ളലേറ്റത്.
https://www.facebook.com/Malayalivartha