സഞ്ചാര പ്രേമികള്‍ക്കായ്... എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം

ഗള്‍ഫ് സഞ്ചാരികള്‍ക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്കി ജി സി സി രാജ്യങ്ങള്‍. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. മസ്കറ്റില്‍ ചേര്‍ന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുടെ 40മത് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവില്‍ വന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചുറ്റി കാണാന്‍ ഒരു വിസ മതിയാകും.
യോഗത്തില്‍ ജി സി സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അദ്ധ്യക്ഷത വഹിച്ചു.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, യു എ ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സായിഫ് സായിദ് അല്‍ നഹ്യാന്, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് സൗദ് അല്‍സൗദ്, ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha