വീണ്ടുമൊരു ടൈറ്റാനിക് ഒരുങ്ങുന്നു, ഇത്തവണ ചൈനയില്‍!

2020-ല്‍ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന, ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പലിന്റെ നിര്‍മാണം ചൈനയില്‍ നടക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയിലാണ് ഇത് നിര്‍മിക്കുന്നത്. ഓസ്‌ട്രേലിയന്‍ കമ്പനിയായ ബ്ലൂ സ്റ്റാര്‍ ലൈന്‍ ആണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
നീറ്റിലിറക്കുമ്പോള്‍ അന്നത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്നു ആദ്യ ടൈറ്റാനിക്. 1912 ഏപ്രില്‍ പത്തിനാണ് കന്നിയാത്ര തുടങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ അഞ്ചാംദിനം മുങ്ങി. 1500-ലധികം പേര്‍ മരിച്ചു.
വീണ്ടുമൊരു മഞ്ഞുമല ദുരന്തം ഒഴിവാക്കാനായി ആധുനിക റഡാര്‍, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നതൊഴിച്ചാല്‍ പുതിയ കപ്പലിന് പഴയതില്‍നിന്നു കാര്യമായ വ്യത്യാസം ഉണ്ടാവില്ല. കാബിനുകളുടെ ഡിസൈന്‍ അടക്കം പഴയ കപ്പലിന്റേതാണ്. ആദ്യ കപ്പലിലുണ്ടായിരുന്നത് 2400 യാത്രക്കാരും 900 ജോലിക്കാരുമായിരുന്നു. ഇത്രയും പേര്‍ രണ്ടാം കപ്പലിലുമുണ്ടാകും.
ടിക്കറ്റ് ക്ലാസുകള്‍ പോലും ആദ്യകപ്പലിന് സമാനമാണ്. കന്നിയാത്രയും സതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്കായിരിക്കും. 50 കോടി ഡോളറാണ് പുതിയ കപ്പലിന്റെ നിര്‍മാണച്ചെലവ്.
https://www.facebook.com/Malayalivartha


























