പത്താം വയസ്സില്‍ ജോലി ഓഫര്‍, പക്ഷേ മറ്റുള്ളവരുടെ കമ്പനിയില്‍ ജോലി ചെയ്യില്ലെന്നും, ബിസിനസുകാരിയാകാനാണ് ഇഷ്ടമെന്നും സമീറ!

പത്താം വയസില്‍ പ്രോഗ്രാമറായ കൊച്ചു മിടുക്കിയാണ് സമീറാ മേത്ത. ടെക് ലോകത്ത് അവള്‍ തരംഗം സൃഷ്ടിക്കുകയാണ്. ഒപ്പം അവള്‍ സ്വന്തം കമ്പനിയും ഉണ്ടാക്കിയിരിക്കുന്നു! അവസാനം ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ ഓഫറും സമീറയെ തേടിവന്നിരിക്കുന്നു.
കോഡര്‍ ബണിസ് എന്നാണ് സമീറയുടെ കമ്പനിയുടെ പേര്. അതേ പേരില്‍ തന്നെ അവള്‍ ഒരു ഗെയിമും ഇറക്കിയിട്ടുണ്ട്. ഈ ഗെയിമിലൂടെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാം. തന്റെ ഗെയിം അവതരിപ്പിക്കുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി സമീറ തന്റെ കൂട്ടുകാരുമായി കളിച്ചു നോക്കുകയും ചെയ്തിരുന്നു.
ഇന്റലില്‍ എന്‍ജിനീയറായ സമീറയുടെ അച്ഛന്‍ മകളുടെ കമ്പനിയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഈ പത്തു വയസ്സുകാരിയും അവളുടെ അച്ഛനും നിരവധി പരിശീലനക്കളരികളും നടത്തുന്നുണ്ട്. സമീറയുടെ പരിശീലനക്കളരികള്‍ രസകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെക്‌നോളജിയുടെ സിരാകേന്ദ്രമായ സിലിക്കന്‍ വാലിയില്‍ മാത്രം കൊച്ചു സമീറ ഇതിനകം തന്നെ 60 വര്‍ക്ഷോപ്പുകള്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 2,000 കുട്ടികള്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനുളളില്‍ അവളുടെ ഗെയിമടങ്ങുന്ന 1000 ബോക്‌സുകള്‍ വില്‍ക്കപ്പെട്ടു. ഇതിലൂടെ 35,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 25,66,217 രൂപ നേടുകയും ചെയ്തു. ഇതു തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സമീറ പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് നടത്തിയ തിങ്ക് ടാങ്ക് ലേണിങ്‌സ് പിച്‌ഫെസ്റ്റില്‍ സമീറ രണ്ടാം സ്ഥാനത്തെത്തുകയും ധാരാളം പ്രശംസ നേടുകയും ചെയ്തിരുന്നു. ഇതു കൂടാതെ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തിയ റിയല്‍ ലൈഫ് പവര്‍പഫ് ഗേള്‍സ് പ്രൈസും സമീറ കരസ്ഥമാക്കിയിരുന്നു.
എന്നാല്‍, സമീറയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ നേട്ടം ഗൂഗിളിന്റെ ജോലി ഓഫര്‍ തന്നെയായിരുന്നു. തുടരെ വര്‍ക്ഷോപ്പുകള്‍ അവതരിപ്പിച്ചപ്പോഴാണ് അവള്‍ക്ക് ഗൂഗിളില്‍ നിന്നും ഓഫര്‍ വന്നത്. എന്നാല്‍, അവള്‍ അതു വേണ്ടെന്നു പറയുകയും തനിക്ക് ഒരു ബിസിനസുകാരിയാകാനാണ് ഇഷ്ടമെന്നും ഗൂഗിള്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു!
https://www.facebook.com/Malayalivartha


























