ഒന്നു കണ്ട മാത്രയില്‍ തന്നെ ഹൃദയം കീഴടക്കിയ ആ പെണ്‍കുട്ടിക്കു വേണ്ടി ജോലിയുപേക്ഷിച്ച് യുവാവ് കാത്തിരിക്കുന്നു!
ഒരു യുവാവ് കാത്തിരിക്കുന്നു, അവന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടിയ്ക്കായി. ഒരു പ്രാവശ്യം കണ്ടപ്പോള്‍ തന്നെ മനസില്‍ സ്ഥാനം പിടിച്ച പെണ്‍കുട്ടിക്കു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ചാണ് കാത്തിരിക്കുന്നത്. ചൈന സ്വദേശിയായ സണ്‍ എന്ന 26-വയസുകാരനാണ് തന്റെ മനസില്‍ ഉടക്കിയ പെണ്‍കുട്ടിയെ ആദ്യമായും അവസാനമായും കണ്ട സ്ഥലത്ത് അവര്‍ക്കായി കാത്തിരിക്കുന്നത്.
ഒരു ബുക്ക് സ്റ്റാളില്‍ വച്ചാണ് സണ്‍ ഈ പെണ്‍കുട്ടിയെ കണ്ടത്. ആ സമയം അദ്ദേഹത്തോടൊപ്പം മറ്റൊരു പെണ് സുഹൃത്തുണ്ടായിരുന്നതിനാല് സണ്ണിന് അവരോട് മിണ്ടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ കുട്ടിയുടെ നോട്ടം സണ്ണിന്റെ ഹൃദയത്തിലാണ് ഉടക്കിയത്. അതിനെ തുടര്‍ന്ന്, ബുക്ക് സ്റ്റാളില്‍ വച്ചു കണ്ട പെണ്‍കുട്ടി വീണ്ടും അവിടെ എത്തും എന്ന ചിന്തയെ തുടര്‍ന്ന് അവര്‍ക്കായി ബുക്ക്സ്റ്റാളില് കാത്തിരിക്കുവാന് സണ്‍ തീരുമാനിച്ചു.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 7 വരെ സണ്‍ ഈ ബുക്ക്സ്റ്റാളില് ആ പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കും. ഇതിന് ജോലി ഒരു തടസമായി വന്നപ്പോള്‍ അദ്ദേഹം ജോലി രാജിവയ്ക്കുക വരെ ചെയ്തു. പെണ്‍കുട്ടിയെ കണ്ടു പിടിക്കുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി മനസിലെ ഓര്മ വച്ച് സണ്‍ അവരുടെ രൂപരേഖ വരെ തയാറാക്കി. ബുക്ക് സ്റ്റാളില്‍ എത്തുന്ന എല്ലാവര്ക്കും ഈ ചിത്രം നല്‍കുകയും ചെയ്തു.
ഇവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഏകദേശം 50 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ മാനസിക സമ്മര്ദ്ദത്തിനടിമയായ അദ്ദേഹം ഈ യുവതിക്കെതിരെ പരാതി നല്കി കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ യുവതിയുടെ പേരുപോലും അറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഇപ്രകാരം പരാതി നല്കുവാന് സാധിക്കുമെന്ന് പറഞ്ഞ കോടതി, ഈ പരാതി തള്ളിക്കളയുകയും ചെയ്തു.
ജോലി ഇല്ലാത്തതിനാല്‍ ബന്ധക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഇയാള്‍ ചിലവിനുള്ള പണം കണ്ടെത്തുന്നത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സണ്‍ പറയുന്നത്. സണ്ണിന്റെ കഥ ചൈനയിലെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇയാള്‍ക്ക് ഭ്രാന്താണെന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. മാത്രമല്ല ഈ പെണ്‍കുട്ടി ഇത് അറിയുന്നുണ്ടെങ്കില്‍ സണ്ണിനെ ഒരിക്കലും സമീപിക്കരുതെന്നും ആളുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha