ജപ്തി നോട്ടീസ് വന്ന ദിവസമെടുത്ത ലോട്ടറിയില്‍ ലൈസാമ്മയെ തേടിയെത്തിയത് 65ലക്ഷത്തിന്റെ ഒന്നാം സമ്മാനം

കുട്ടനാട് സബ് റജിസ്ട്രാര്‍ ഓഫിസിലെ താല്‍ക്കാലിക തൂപ്പുകാരി ലൈസാമ്മയ്ക്കു(62) കൈയ്യിലൊരു ലെറ്റര്‍ കിട്ടുമ്പോള്‍ അത് എന്താണെന്ന് മനസിലായിരുന്നില്ല. വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസാണെന്ന് സൂപ്രണ്ട് മംഗളകുമാരി പറഞ്ഞപ്പോള്‍ ലൈസാമ്മയുടെ നെഞ്ച് കിടുങ്ങി. ജപ്തി നോട്ടീസ് കണ്ട് കരഞ്ഞുകൊണ്ടിരുന്ന ലൈസാമ്മയെ സമാധാനിപ്പിക്കാന്‍ സൂപ്രണ്ട് പാടുപെടുമ്പോഴാണ് ഓഫീസില്‍ സ്ഥിരമായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ആളെത്തിയത്. ദൈവമാണ് ഇയാളെ ഇപ്പോള്‍ ഇങ്ങോട്ട് അയച്ചത് ലൈസാമ്മേ എന്നും പറഞ്ഞ് ആദ്യം തന്നെ സൂപ്രണ്ട് മൂന്നുടിക്കറ്റ് വാങ്ങിക്കൊടുത്തു. ചിലപ്പോള്‍ ഇത് കൊണ്ട് ചേച്ചിയുടെ കടം തീരുമെന്നും സൂപ്രണ്ട് മംഗളകുമാരി ആശ്വാസിപ്പിച്ചു. സൂപ്രണ്ടിന്റെ വാക്ക് അറം പറ്റി. ലൈസാമ്മയ്ക്ക് ലോട്ടറിയടിച്ചു. കൂടെ എടുത്തുകൊടുത്ത സൂപ്രണ്ടിനെയും ഭാഗ്യം തുണച്ചു.
ബാങ്കിന്റെ ജപ്തി നോട്ടിസ് വന്ന ദിവസം തന്നെ എടുത്ത ടിക്കറ്റിലൂടെ ലൈസാമ്മയെ തേടിയെത്തിയതു സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ. വെളിയനാട് ലക്ഷംവീട്ടില്‍ ലൈസാമ്മയ്ക്കു ഭാഗ്യദേവതയുടെ വിളി ജീവിതത്തിലേക്കുളള തിരിച്ചുവരവായി. ഒരു വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഭര്‍ത്താവ് സുകുമാരന്റെ ചികില്‍സയ്ക്കായി വാങ്ങിയ കടം തീര്‍ക്കുമ്പോഴാണ് മൂത്ത മകന്‍ സുനില്‍കുമാര്‍ വീടു വയ്ക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി അമ്മയെ സമീപിക്കുന്നത്. മകനെ നിരാശപ്പെടുത്തിയില്ല. സ്വന്തമായി ഉള്ള ലക്ഷംവീട് പണയപ്പെടുത്തി ലൈസാമ്മ മകന് ഏഴു സെന്റ് സ്ഥലം വാങ്ങിക്കൊടുത്തു. എന്നിട്ടും തീര്‍ന്നില്ല അമ്മയുടെ ബാധ്യത, ഇളയമകന്‍ ലൈജു ഓട്ടോ വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അമ്മയെ സമീപിച്ചു. വായ്പയെടുത്ത് ഇളയമകന്റെ ആഗ്രഹവും സാധിച്ചു കൊടുത്തു.
പക്ഷേ പ്രായമായ അമ്മ എവിടെ നിന്നാണ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയതെന്ന് മക്കള്‍ ചിന്തിച്ചില്ല. വായ്പയെടുത്ത കടം തീര്‍ക്കാനും ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനുമായുള്ള ഭീമമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് ലൈസാമ്മ ജോലിക്കുപോയി തുടങ്ങിയത്. അപ്പോഴാണ് വായ്പ മുടങ്ങിയതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് എത്തിയത്. തുകയടക്കാന്‍ മറ്റു വഴികളൊന്നും കാണാതെയാണു പ്രാര്‍ഥനയോടെ ലൈസാമ്മ മൂന്ന് ലോട്ടറി ടിക്കറ്റെടുത്തത്. ഏതെങ്കിലും ഒരെണ്ണമെങ്കിലും തുണക്കുമെന്ന ലൈസാമ്മയുടെ പ്രാര്‍ഥന ദൈവം കേട്ടു.
ആഗ്രഹം പോലെ ഒന്നാം സമ്മാനം തന്നയടിച്ചു. ബാങ്കില്‍ അടക്കാനുള്ള തുകയടക്കണം, മോചനം, കുറച്ചു നിലം വാങ്ങണം, പൊട്ടിപ്പൊളിഞ്ഞ ലക്ഷം വീടിന്റെ സ്ഥാനത്തു നല്ലൊരു വീട് നിര്‍മ്മിക്കണം. മക്കളെ സ്‌നേഹിക്കുന്ന ലൈസാമ്മയുടെ മോഹങ്ങള്‍ ഇതൊക്കെയാണ്. മറ്റൊരു സന്തോഷം തനിക്ക് ലോട്ടറിയെടുത്ത് തന്ന ഓഫിസ് സൂപ്രണ്ട് മംഗളകുമാരിക്കും 10,000 രൂപ ലോട്ടറിയടിച്ചതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha