സയനൈഡ് കഴിച്ചാല്‍ ശാന്തമായ മരണമല്ല ഉണ്ടാകുക, വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവിക്കണം!

കൂടത്തായിയിലെ കൊലപാതക പരമ്പര വാര്‍ത്തയായതോടെ കൊലകള്‍ നടത്താന്‍ ഉപയോഗിച്ചത് സയനൈഡ് ആണെന്ന സംശയവും ശക്തമാകുന്നു.
കൂടത്തായിയിലെ കുടുംബത്തില്‍ 2002 മുതല്‍ ആറു പേര്‍ മരിച്ചെങ്കിലും മൂന്നാമതു മരിച്ച റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു അന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിക്കുള്ളിലേക്ക് പോയപ്പോഴാണ് റോയ് തോമസ് മരിക്കുന്നത്. ശുചിമുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ലോക്കല്‍ പൊലീസ്.
ഒരു തരി പൊട്ടാസ്യം സയനൈഡ് കഴിച്ചാല്‍ അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്. സയനൈഡ് കഴിച്ചാല്‍ ഏതാനും മിനിറ്റിനുള്ളില്‍ മരിക്കുമെങ്കിലും ശാന്തമായ മരണമല്ല ഉണ്ടാകുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവപ്പെടും.
പ്രശസ്ത ഫൊറന്‍സിക് സര്‍ജന്‍ ഡോ. ബി.ഉമാദത്തന്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. ഉപ്പുകല്ല് പോലെയാണ് സയനൈഡ്. തീക്ഷ്ണമായ എരിവു കലര്‍ന്ന രുചിയാണെന്ന് ഗവേഷകര്‍ പറയുന്നു. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്‍മണ്ടിന്റെയോ ഗന്ധമാണുള്ളത്. 'ഉള്ളില്‍ ചെന്നാല്‍ കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും. സയനൈഡ് ഉള്ളില്‍ ചെന്നയാള്‍ ഭീതിജനകമായ പരാക്രമം കാണിക്കും' . ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥവരും. നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും. രക്തത്തിന്റെ നിറം മാറും. സാധാരണ രക്തത്തിന് ഇരുണ്ട ചുവപ്പു നിറമാണെങ്കില്‍ സയനൈഡ് കലരുമ്പോള്‍ അത് തിളക്കമുള്ള ചുവന്ന നിറമായി മാറും.
സയനൈഡില്‍ അടങ്ങിയിരിക്കുന്നത് മൂലകങ്ങളായ കാര്‍ബണും നൈട്രജനുമാണ്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനെഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗത തീരുമാനിക്കുന്നത്. ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. ഹൈഡ്രജന്‍ സയനൈഡ് ആണെങ്കില്‍ 50 മുതല്‍ 60 വരെ മില്ലീഗ്രാം ശരീരത്തിലെത്തിയാല്‍ മരണകാരണമാകും. പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ആണെങ്കില്‍ മരണം സംഭവിക്കാന്‍ 200 മുതല്‍ 300 വരെ മില്ലീഗ്രാം ഉള്ളില്‍ ചെല്ലേണ്ടതുണ്ട്.
ഹൈഡ്രജന്‍ സയനൈഡ് ഉള്ളില്‍ ചെന്നാല്‍ 2 മുതല്‍ 10 വരെ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാം; സോഡിയം - പൊട്ടാസ്യം സയനൈഡാണെങ്കില്‍ 30 മിനിറ്റും. ചില കേസുകളില്‍ വിഷം ഉള്ളില്‍ ചെന്നാലും മണിക്കൂറുകളോളം കുഴപ്പമുണ്ടാകില്ല. ശരീരം വിഷത്തെ ആഗിരണം ചെയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണിത്. സയനൈഡ് ഉള്ളില്‍ ചെന്ന് ഓക്‌സിജന്റെ അളവു കുറയ്ക്കുന്നതോടെ ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങള്‍ നശിച്ച് മരണം സംഭവിക്കും. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്‍കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.
നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്. കഴിക്കുന്നത് ചെറിയ അളവിലായതിനാല്‍ മരണം സംഭവിക്കുന്നില്ലെന്നു മാത്രം. ആപ്പിളിന്റെയും ചെറിയുടേയും കുരുവില്‍ സയനൈഡ് ചെറിയ രീതിയില്‍ ഉണ്ട്. ആപ്പിളിന്റെ അരിയില്‍ സയനൈഡും ഷുഗറും ചേര്‍ന്ന മോളിക്യൂള്‍ ആണ് ഉള്ളത്. ശരീരത്തിലെ എന്‍സൈമുകളുമായി ചേരുമ്പോള്‍ ഷുഗര്‍ വേര്‍പെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജന്‍ സയനൈഡ് ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവില്‍ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവ് ചെറുതായതിനാല്‍ പ്രശ്‌നങ്ങളുണ്ടാകുന്നില്ല.
സാധാരണക്കാര്‍ക്ക് എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികള്‍ക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങള്‍ക്കും ലബോറട്ടറികള്‍ക്കും സയനൈഡ് ലവണങ്ങള്‍ ആവശ്യമാണ്. ജ്വല്ലറികള്‍ കൂടുതലുള്ളതിനാല്‍ കേരളത്തില്‍ സയനൈഡിന്റെ ഉപയോഗവും കൂടുതലാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ലാബുകളില്‍നിന്ന് സ്വര്‍ണപ്പണിക്കാര്‍ക്കു സയനൈഡ് നല്‍കുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകള്‍ക്കും നിയന്ത്രണമുണ്ട്.
സയനൈഡിന്റെ രുചി അറിയാന്‍ ഒരു ശാസ്ത്രജ്ഞന്‍ സയനൈഡ് കഴിച്ചു നോക്കിയെന്നും 'എസ്' എന്നെഴുതിയശേഷം മരിച്ചെന്നും കഥ പ്രചരിക്കുന്നുണ്ട്. വാസ്തവം വ്യക്തമല്ലെങ്കിലും കേരളത്തില്‍ സമാനമായ സംഭവം 2006 ജൂണ്‍ 17-ന് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന എം.പി.പ്രസാദാണ് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്‍പ് അതിന്റെ രുചി പേപ്പറില്‍ രേഖപ്പെടുത്തിയത്. മദ്യത്തില്‍ കലര്‍ത്തിയാണ് പ്രസാദ് സയനൈഡ് ഉപയോഗിച്ചത്. 'പൊട്ടാസ്യം സയനൈഡ് ഞാന്‍ രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ്' എന്നാണ് പ്രസാദ് പേപ്പറില്‍ എഴുതിയത്.
https://www.facebook.com/Malayalivartha