തന്റെ ഉറ്റവരെ കണ്ടെത്താന്‍ 22 വര്‍ഷമായി മരിയ നടത്തുന്ന ശ്രമങ്ങള്‍ക്ക് ശുഭസമാപ്തി നല്‍കാന്‍, അകേലേ ഹം അകേലേ തും എന്ന ഗാനത്തിനാവുമോ?

ആമിന എന്ന മരിയ ഫ്രാന്‍സിസിന്റെ 22 വര്‍ഷമായി തുടരുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുമോ എന്ന് വൈകാതെ അറിയാനാവും എന്നാണ് ആ കുടുംബം കരുതുന്നത്. 1998-ല്‍ അന്ന് 13-14 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഇടുക്കി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയപ്പോള്‍ അവിടത്തെ ഓട്ടോ റിക്ഷാഡ്രൈവര്‍മാര്‍ ആ കുട്ടിയെ പോലീസിനു കൈമാറി. ബധിരയും മൂകയുമായ ആ കുട്ടിയ്ക്ക് തന്റെ വ്യക്തിപരമായ ഒരു വിവരങ്ങളും ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്നു. അവളുടെ കൈയ്യില്‍ ഒരു ബാഗ് നിറയെ ഡാന്‍സിന്റെ കോസ്റ്റിയൂമും '786' എന്ന് ടാറ്റൂ ചെയ്തിട്ടുമുണ്ടായിരുന്നു. പോലീസ് അവളെ കട്ടപ്പനയില്‍ തന്നെയുള്ള 'സ്‌നേഹാശ്രമം' എന്ന അനാഥാലയത്തില്‍ എത്തിച്ചു. ആ ആശ്രമവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന റോഡിമോനുമായി, അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2003-ല്‍ അവളുടെ വിവാഹം കഴിയുകയും ചെയ്തു. അവര്‍ക്കിപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുമുണ്ട്.
അവളുടെ ജന്മനാടിനെക്കുറിച്ചും വീടിനെക്കുറിച്ചും എന്തെങ്കിലും സൂചനകള്‍ തരാനാവുമോ എന്ന് റോഡിമോന്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. കൃത്യമായ ഒരു വിവരവും തരാന്‍ അവള്‍ക്ക് അപ്പോഴും കഴിഞ്ഞിരുന്നില്ല. അടുത്തിടെ അകേലേ ഹം അകേലേ തും എന്ന സിനിമാഗാനം റോഡിമോന്റെ മൊബൈലില്‍ കണ്ടപ്പോള്‍ മരിയയ്ക്ക് ചില ഓര്‍മ്മകള്‍ ഉണ്ടായി.
1995-ലെ ആ ചിത്രത്തിലെ പ്രസ്തുത ഗാനരംഗം ചിത്രീകരിച്ചത് അവളുടെ ഹൗസിംഗ് കോളനിയ്ക്കടുത്ത് വച്ചാണെന്നും തന്റെ ഡാന്‍സ് ക്ലാസ്സിലെ സുഹൃത്തുക്കളുമൊന്നിച്ചാണ് ഷൂട്ടിംഗ് കാണാന്‍ പോയതെന്നും അവിടെ വച്ച് ആമിര്‍ഖാന് കൈകൊടുക്കാന്‍ കഴിഞ്ഞുവെന്നും അവള്‍ തന്റെ ഭര്‍ത്താവിനെ അറിയിച്ചു. ബധിരയും മൂകയുമായ മരിയയെ വീട്ടുകാര്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. പക്ഷേ നൃത്തം പഠിപ്പിച്ചിരുന്നു.
തുടര്‍ന്ന് മരിയയുടെ ഭര്‍ത്താവ് റോഡിമോന്‍, ചിത്രത്തിന്റെ സംവിധായകനായ മന്‍സൂര്‍ഖാനുമായി ബന്ധപ്പെട്ട് ആ ഗാനരംഗം ചിത്രീകരിച്ചത് എവിടെ വച്ചാണെന്ന് ചോദിച്ചറിഞ്ഞു. മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഫാന്റസി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലായിരുന്നു ചിത്രീകരണം എന്നറിഞ്ഞതോടെ മരിയ മുംബൈ നിവാസി ആണ് എന്നുറപ്പിക്കുക ആയിരുന്നു.13-ാം വയസ്സില്‍ അച്ഛനോടു പിണങ്ങി വീടുവിട്ടതായിരുന്നു മരിയ. ഇപ്പോള്‍ 35 വയസ്സായി. എടത്വയില്‍ വാടകവീട്ടിലാണ് മരിയയും ഭര്‍ത്താവ് റോഡിമോനും മക്കളും താമസിക്കുന്നത്. 2003 മേയ് 18-ന് ആയിരുന്നു അവരുടെ വിവാഹം.
മരിയ തന്റെ ഹൗസിംഗ് കോളനിയുടെ ചിത്രം ഭര്‍ത്താവിനു വരച്ചുനല്‍കി. ആ ഹൗസിംഗ് കോളനിയില്‍ നിന്നും അര മണിക്കൂര്‍കൊണ്ട് ആ അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്താനാവും എന്നവള്‍ പറഞ്ഞതോടെ മുംബൈ ജോഗേശ്വരി ഈസ്റ്റിലാവണം ആ ഹൗസിംഗ് കോളനി എന്നാണ് റോഡിമോന്‍ കരുതുന്നത്.
ഈ വിവരങ്ങളുമായി അവര്‍ കുടുംബസമേതം സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലനെ കണ്ട് ഉറ്റവരേയും ബന്ധുക്കളേയും കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ മുംബൈ മലയാളികളോട് മരിയയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
16 വര്‍ഷം മുന്‍പ് ഒരു പ്രമുഖ ആഴ്ചപ്പതിപ്പില്‍ മരിയയുടെ കഥ പറഞ്ഞിരുന്നു. 'ഊമപ്പെണ്ണിന് ഉരിയാടും പയ്യന്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ ഫീച്ചര്‍ മരിയയുടെയും റോഡിമോന്റെയും വിവാഹത്തിന്റേയും, ഉറ്റവരെയും നാടിനെയും തേടുന്ന അവളുടെ ദൈന്യത്തിന്റെയും കഥയാണ് പറഞ്ഞത്.
https://www.facebook.com/Malayalivartha