പാപ്പരായ സര്‍ക്കാരിന് സിങ്കം ദിവസം തോറും നല്‍കുന്നത് 12 ലക്ഷം രൂപ
മലയാളികള്‍ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന അപൂര്‍വം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഋഷിരാജ് സിംഗ്. മറ്റ് കൊലകൊമ്പന്മാര് മുമ്പ് പല തവണ ഇരുന്ന സീറ്റുകളിലാണ് ഋഷിരാജ് സിംഗ് വന്നത്. എന്നാല്‍ അവരൊന്നും ചെയ്യാത്ത നിരവധി പരിഷ്കാരങ്ങളിലൂടെ സിംഗ് എന്നും കൈയ്യടി നേടി. അത് കൊണ്ട് തന്നെ മലയാളികള്‍ സിംഗിന് സ്നേഹപൂര്‍വം ഒരു പേരും നല്കി. സിങ്കം.
സാക്ഷാല്‍ സിങ്കത്തെ കൊണ്ട് ഉന്നതരായ പലര്‍ക്കും പൊറുതി മുട്ടി. അവരെല്ലാം കൂടി സിങ്കത്തെ പലവിധത്തില്‍ ഒതുക്കാന്‍ നോക്കി. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സിങ്കം തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടേയിരുന്നു.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ മന്ത്രിയായ തിരുവഞ്ചൂരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലേക്ക് മാറുകയായിരുന്നു. അവിടേയും ഈ ഐപിഎസുകാരന് വെറുതെയിരുന്നില്ല. വൈദ്യുതി മോഷണം ഒരു കലയാക്കിയ വമ്പനാമാരെ ഒന്നൊന്നായി പൊക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടിഎച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണം പോലും കണ്ടെത്തി. അങ്ങനെ വൈദ്യുതി ബോര്‍ഡിന് നേട്ടങ്ങളും നല്കി.
സിങ്കത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം കാരണം, പണമില്ലാതെ ഉഴലുന്ന സംസ്ഥാന ഖജനാവിന് വന്‍ സാമ്പത്തിക ഭദ്രതയാണ് സിങ്കം നേടിക്കൊടുത്തത്. കഴിഞ്ഞ 172 ദിവസത്തിനുള്ളില്‍ കേരളത്തില്‍ വൈദ്യുതിമോഷണം നടത്തിയ 639 കേസുകള്‍ കണ്ടെത്തി 21.21 കോടി രൂപ പിഴ ഈടാക്കി. അതായത് ദിവസം ശരാശരി 12 ലക്ഷം രൂപവീതം ഋഷിരാജ് സിങ് ഖജനാവിലെത്തിച്ചു. 2222 മറ്റു ക്രമക്കേടുകളും വിജിലന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വൈദ്യുതിമോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഇനാമാണ് സിങ്കം പ്രഖ്യാപിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ വൈദ്യുതി മോഷണത്തിനുമേല് ലഭിച്ച പിഴസംഖ്യയുടെ അഞ്ചുശതമാനമോ 50,000 രൂപയോ ഏതാണ് കുറവുസംഖ്യ അത് പാരിതോഷികമായി നല്‍കുന്നത്.
ഇനി കൈയേറ്റക്കാരിലേക്കാണ് ഋഷിരാജ് സിംഗിന്റെ നോട്ടം. മൂന്നാറില്‍ വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിങ്കം ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha