ആര്‍ഭാടപൂര്‍വം വിവാഹം നടത്താന്‍ നിശ്ചയിച്ചു! പക്ഷെ കോവിഡ് എല്ലാം തെറ്റിച്ചു.. ക്ഷണിച്ച 1500 പേരെയും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും വിവരം അറിയിച്ചു; അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കോഴിക്കോട് നടത്തിയ വിവാഹം ശ്രദ്ധേയമായി
കോവിഡും പിന്നാലെ ലോക്ക്ഡൗണും വന്നതോടെ ആര്‍ഭാടപൂര്‍വം നടത്താന്‍ നിശ്ചയിച്ചിരുന്ന പല വിവാഹങ്ങളും മാറ്റിവെക്കുകയാണ്. അതേസമയം സാഹചര്യം ഉള്‍ക്കൊണ്ട് അനാര്‍ഭാടമായി വിവാഹം നടത്തുന്നവരും ഏറെയാണ്.
അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കോഴിക്കോട് നടത്തിയ വിവാഹം ശ്രദ്ധേയമായി. വരന് അടക്കം നാലുപേര്‍ മാത്രമാണ് വിവാഹത്തിനായി വധൂഗൃഹത്തിലെത്തിയത്. കുമാരസ്വാമി ദേവശ്രീ വീട്ടില്‍ വി.പി. അഖിലിന്റെയും മൈലാംപാടി നാരങ്ങാളി ശബരീനാഥിന്റെ മകള്‍ പാര്‍വതിയുടെയും വിവാഹമാണ് ചടങ്ങുകള്‍ മാത്രമായി നടത്തിയത്.
മലബാര്‍ ആശുപത്രിയിലെ ജീവനക്കാരനാണ് അഖില്‍. നവംബര്‍ മൂന്നിനാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനിടെ മാര്‍ച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എന്തുചെയ്യുമെന്ന ആശങ്കയിലായി ഇരുവീട്ടുകാരും.
എന്തുചെയ്യാനാകുമെന്ന് കാക്കൂര്‍ പൊലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും ഇവര്‍ പോയി ചോദിച്ചു. പരമാവധി അഞ്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി നടത്താമെന്ന് അവര്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം അംഗീകരിച്ച ഇരു വീട്ടുകാരും, കത്തു കൊടുത്ത് ക്ഷണിച്ച 1500 പേരെയും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും വിവരം അറിയിച്ചു.
അഖിലിനൊപ്പം അച്ഛന് വി പി ജയദാസനാണ് കല്യാണച്ചടങ്ങുകള്‍ നടത്താനായി പോയത്. അഖിലിന്റെ വല്യച്ഛനും വാഹനവുമായി ഒരു സുഹൃത്തും കൂടെപ്പോയി. പാര്‍വതിയുടെ വീട്ടിലായിരുന്നു വിവാഹം. തിരികെ വധു പാര്‍വതി അടക്കം ആകെ അഞ്ചുപേര്‍ മാത്രമായാണ് വരന്റെ വീട്ടിലേക്ക് വന്നത്.
https://www.facebook.com/Malayalivartha