റവന്യൂ ക്ലാര്‍ക്കിന്റെ കസേരയില്‍ കണ്ടു പരിചയമുള്ളവര്‍ ഇപ്പോള്‍ മഞ്ജുവിനെ പേരെടുത്തു വിളിക്കില്ല... കഷ്ടപ്പാടുകളോടു പൊരുതി നേട്ടം കൊയ്ത മഞ്ജു!

ചെങ്ങന്നൂര്‍ ബഥേല്‍ ജംക്ഷനില്‍ ഒരു യുവതി വാഹനപരിശോധന നടത്തുന്നതു കണ്ടു ഞെട്ടിയവരുണ്ട്. ചുരിദാറും ധരിച്ച് നഗരസഭയിലെ റവന്യൂ വിഭാഗത്തില്‍ ക്ലാര്‍ക്കിന്റെ കസേരയില്‍ രണ്ടു കൊല്ലം മുന്‍പു കണ്ട അതേ മുഖം. പക്ഷേ ഇപ്പോള്‍ വേഷം കാക്കി പാന്റ്‌സും ഷര്‍ട്ടും തൊപ്പിയും അധികാരചിഹ്നങ്ങളും. ഇത് മഞ്ജു വി. നായര്‍. പഴയ എല്‍ഡി ക്ലാര്‍ക്ക് ഇന്ന് അവിടത്തെ ജൂനിയര്‍ എസ്‌ഐ ആണ്.
നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോഴത്തെ പരിചയക്കാര്‍ പഴയതു പോലെ പേരെടുത്തു വിളിക്കാന്‍ മടിക്കുന്നുണ്ട്. പഴയ പരിചയക്കാരെ വീണ്ടും കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നു മഞ്ജു പറയുന്നു. ജോലിസ്ഥലത്ത് അപരിചിതത്വവുമില്ല. ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ നല്ല പരിചയം.
ശബരിമലയില്‍ കരാറുകാരനായ ജയകുമാര്‍ ശ്രീശൈലം ആണു ഭര്‍ത്താവ്. ഏഴുവയസ്സുകാരി ദേവതീര്‍ഥയും രണ്ടുവയസുകാരി ദേവശ്രീയും മക്കള്‍. കഷ്ടപ്പാടുകളോടു പൊരുതി നേട്ടം കൊയ്ത കഥയാണു മഞ്ജുവിന്റേത്. തങ്ങളെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പെട്ട കഥകള്‍ പങ്കുവച്ചു മാതൃദിനത്തില്‍ മഞ്ജു എഴുതിയ കുറിപ്പ് വൈറല്‍ ആയിരുന്നു.
റെയില്‍വേയിലും പിആര്‍ഡിയിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ നാലാമത്തെ ജോലിയാണ് പൊലീസിലേത്. റെയില്‍വേയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, പത്തനംതിട്ട കലക്ടറേറ്റില്‍ ഐ ആന്‍ഡ് പിആര്‍ഡി വിഭാഗം, ചെങ്ങന്നൂര്‍ നഗരസഭയില്‍ എല്‍ഡി ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
പൊലീസ് വകുപ്പില്‍ ജോലികിട്ടിയപ്പോള്‍ കോഴിക്കോട് വളയം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് മാവേലിക്കരയില്‍ പ്രബേഷന്‍ എസ്‌ഐ. ചാരുംമൂട് വേടരപ്ലാവ് സ്വദേശിയാണ്.
https://www.facebook.com/Malayalivartha