24 വര്‍ഷം; വര്‍ക്കിയുടേത് സുകുമാരക്കുറുപ്പിനെ വെല്ലുന്ന ഒളിജീവിതം

കോട്ടയം, കാണക്കാരി അമ്മിണിശേരില്‍ ബെന്നി കൊല ചെയ്യപ്പെട്ടിട്ട് കാല്‍നൂറ്റാണ്ടോളം കഴിഞ്ഞതിനപ്പുറം കേസിലെ പ്രതി വര്‍ക്കി കഴിഞ്ഞദിവസം പിടിയിലായെന്ന് അറിഞ്ഞതോടെ ബെന്നിയുടെ വയോധികമാതാപിതാക്കളായ ജോസഫും അന്നക്കുട്ടിയും കാണക്കാരി കോട്ടയ്ക്കപ്പുറം പള്ളി സെമിത്തേരിയിലെ ബെന്നിയുടെ കല്ലറയ്ക്കു മുന്നിലെത്തി പ്രാര്‍ഥിക്കുകയാണ് ആദ്യം ചെയ്തത്.
1996 ഓഗസ്റ്റ് 23-ന് രാവിലെ മൊെസെക്ക് ജോലിക്കുപോയ ബെന്നി രാത്രി വൈകിയും തിരിച്ചുവന്നില്ല. പിറ്റേന്നു രാവിലെ വീടിനു സമീപത്തെ റോഡില്‍ രക്തം പുരണ്ട നിലയില്‍ ബെന്നിയുടെ ചെരുപ്പുകളും നാല് പല്ലുകളും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമീപവാസിയായ കുഴിവേലി തോമസിന്റെ പാടത്തോടു ചേര്‍ന്നുള്ള ജലാശയത്തില്‍ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരിക്കുമ്പോള്‍ ബെന്നിക്ക് 22 വയസായിരുന്നു. സുഹൃത്തുക്കളായ വര്‍ക്കിയും ബെന്നിയും ചേര്‍ന്ന് കാണക്കാരിയിലെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി നടത്തിയിരുന്നു. ബെന്നി ഇടയ്ക്കു മൊെസെക്ക് ജോലിക്കും പോയിരുന്നു. അതിനിടെ, സമീപവാസിയായ പെണ്‍കുട്ടിയുമായി അടുപ്പമാരോപിച്ച് വര്‍ക്കിയെ ബെന്നി കളിയാക്കുന്നതായി ബെന്നിയുടെ പിതാവിനോടു വര്‍ക്കി പരാതി പറഞ്ഞു. തുടര്‍ന്ന് ബെന്നിയെ പിതാവ് താക്കീതുചെയ്ത് പ്രശ്നം പരിഹരിച്ചു. അതിനു ശേഷം മൂന്നുമാസം കഴിഞ്ഞാണു ബെന്നി കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ വര്‍ക്കിയെ കാണാതാവുകയും ചെയ്തു.
അയല്‍വാസിയും ബെന്നിയുടെ സുഹൃത്തുമായ കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണു കൊലപാതകിയെന്നു പോലീസ് കണ്ടെത്തിയിരുന്നു. പോലീസും ക്രൈംബ്രാഞ്ചും സംസ്ഥാനത്തിനകത്തും പുറത്തും തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. ഒടുവില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പോലീസ് ഫയല്‍ മടക്കി.
മകന്റെ കൊലപാതകിയെ കണ്ടെത്താന്‍ ജോസഫ് മുട്ടാത്ത വാതിലുകളില്ല. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫീസ് വരെ കയറിയിറങ്ങി. ഒടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വര്‍ക്കി കാണക്കാരിയിലെ ബന്ധുവീട്ടിലെത്തിയെന്ന രഹസ്യവിവരത്തേത്തുടര്‍ന്ന് പോലീസ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തമിഴ്നാട്ടിലും കര്‍ണാടകയിലുമായി സിനിമാക്കഥകളെ വെല്ലുന്ന തരത്തിലായിരുന്നു വര്‍ക്കിയുടെ ഒളിജീവിതം. അലക്സ് എന്ന പേരില്‍ ആധാര്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും നേടിയിരുന്നു. കാണക്കാരിയിലെ വീട് വളഞ്ഞ് പോലീസ് പിടികൂടിയപ്പോഴും താന്‍ വര്‍ക്കിയല്ല അലക്സാണെന്നു രേഖകള്‍സഹിതം സമര്‍ഥിച്ചു. എന്നാല്‍, ചോദ്യംചെയ്യലില്‍ പതറി.
ഒടുവില്‍ ബെന്നിയുടെ പിതാവ് ജോസഫിനു മുന്നില്‍ താന്‍ വര്‍ക്കി തന്നെയാണെന്നു സമ്മതിച്ചു. 'മകന്റെ ഓര്‍മകളും കൊലപാതകിയെ എന്നെങ്കിലും പിടികൂടുമെന്ന പ്രതീക്ഷയുമാണു ഞങ്ങളെ ഇത്രകാലവും ജീവിക്കാന്‍ പ്രേരിപ്പിച്ചത്.', ബെന്നിയുടെ വയോധികമാതാപിതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡിലുള്ള വര്‍ക്കിയെ കസ്റ്റഡിയില്‍ വാങ്ങി, തമിഴ്നാട്ടിലും കര്‍ണാടകയിലും തെളിവെടുപ്പിനു കൊണ്ടുപോകുമെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha