മംഗളൂരു വിമാന ദുരന്തത്തിലെ ഇരകള്‍ക്ക് നീതിക്കായുള്ള നിയമപോരാട്ടം ഇപ്പോഴും ബാക്കി!

ബജ്‌പെയിലെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ കെഞ്ചാര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത് 2010 മേയ് 15-ന് ആയിരുന്നു. കൃത്യം ഒരാഴ്ച കഴിഞ്ഞ് 22-ാം തീയതി രാവിലെ ആ രാജ്യാന്തര വിമാനത്താവളം വാര്‍ത്തകളില്‍ നിറഞ്ഞത് ഞെട്ടിക്കുന്ന ഒരു ദുരന്തത്തിന്റെ പേരിലായിരുന്നു.
ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നിലം തൊട്ടത് റണ്‍വേയുടെ നടുവിലായിരുന്നു. അതിനാല്‍ റണ്‍വേ തീരും മുന്‍പേ വേഗത കുറച്ച് വിമാനത്തിന് നിര്‍ത്താനായില്ല. അതോടെ റണ്‍വേയുടെ അറ്റത്തെ സിഗ്‌നല്‍ തൂണില്‍ ഇടിച്ച് ചിറകൊടിഞ്ഞ് അപ്പുറത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. 6.07-നായിരുന്നു അപകടം.
പൈലറ്റടക്കം ആറു ജീവനക്കാരും 160 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 5 ജീവനക്കാര്‍ അടക്കം 157 ഇന്ത്യക്കാരും സെര്‍ബിയക്കാരനായ പൈലറ്റും മരിച്ചു. കാസര്‍കോട് ഉദുമ മാങ്ങാട്ടെ കൂളിക്കുന്ന് കൃഷ്ണന്‍, കണ്ണൂര്‍ മയ്യില്‍ കമ്പില്‍ ജുമാനാ ഹൗസില്‍ കെ.പി.മായിന്‍ കുട്ടി എന്നിവരടക്കം 8 യാത്രക്കാര്‍ രക്ഷപ്പെട്ടു.
അപകട കാരണം പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തിയത്. സുഖമില്ലാതിരുന്ന പൈലറ്റ് വിശ്രമം ആവശ്യപ്പെട്ടിട്ടും അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായി. അതൊന്നും പക്ഷേ, അന്വേഷിക്കപ്പെട്ടില്ല. കെഞ്ചാറിലെ ദുരന്തഭൂമിയില്‍ സ്തൂപം സ്ഥാപിച്ച് ഒന്നാം വാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തിയെങ്കിലും ദിവസങ്ങള്‍ക്കകം സ്തൂപം ആരോ തകര്‍ത്തു. ആരും തിരിഞ്ഞു നോക്കാതെ, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥലത്തുമുണ്ട് ഒരു സ്മാരക സ്തൂപവും പാര്‍ക്കും .
വിമാനാപകട മരണങ്ങള്‍ക്കു മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരം 72 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കണം. ലഗേജിന്റെ നഷ്ടപരിഹാരം വേറെയും. എല്ലാം നല്‍കുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യ നിയോഗിച്ച ഏജന്‍സി നിശ്ചയിച്ച നാമമാത്ര തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയത്.
അതിനെതിരെ മംഗളൂരു എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന്‍ കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയെങ്കിലും ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സുപ്രീം കോടതിയില്‍ നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ബ്യാരിയും വൈസ്പ്രസിഡന്റ് കളിങ്ങോം നാരായണനും പറഞ്ഞു. വിമാന ദുരന്തത്തിന് ഇന്നു 10 വര്‍ഷം തികയുമ്പോഴും ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ക്കു ജോലി നല്‍കുമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
https://www.facebook.com/Malayalivartha