ഇതുവരെ ചുഴലിക്കാറ്റുകള്‍ തൊടാതിരുന്ന മുംബൈ , 'നിസര്‍ഗ' മാറ്റിയത് മുംബൈയുടെ കാലാവസ്ഥാചരിത്രം!

ഇന്ത്യയുടെ ഭൂപടത്തിന്റെ വിവിധ കോണുകളില്‍ നിരവധി ചുഴലികളും കൊടുങ്കാറ്റുകളും കയറിയിറങ്ങി മായുമ്പോഴും അതെല്ലാം വെറുമൊരു മഴമാത്രമായി ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനത്തിന്റെ തീരത്ത് പെയ്‌തൊഴിയുകയാണ് ചെയ്തിരുന്നത്. ചുഴലിക്കാറ്റുകള്‍ അടുക്കാന്‍ മടിക്കുന്ന തീരമായിരുന്നു കഴിഞ്ഞ ദിവസം വരെ മുംബൈ. എന്നാല്‍ മുംബൈയുടെ പുകള്‍പെറ്റ ആ ചരിത്രം തന്നെ മാറ്റിമറിച്ചാണ് പ്രകൃതി എന്നുകൂടി അര്‍ഥമുള്ള 'നിസര്‍ഗ' ആഞ്ഞടിച്ചത്.
ഔദ്യോഗികമായി ചുഴലിക്കാറ്റുകളുടെ റെക്കോര്‍ഡ് സൂക്ഷിക്കാന്‍ കാലാവസ്ഥാ വകുപ്പ് ആരംഭിക്കുന്നതു പോലും 1891 മുതലാണ്. അതിനു മുന്‍പ് രേഖപ്പെടുത്തിയ ചരിത്രമെന്തായാലും 1891-നു ശേഷം ഇതാദ്യമായാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരം തൊടുന്നതും. ഇതുവരെ ഒരു കാറ്റും ചുഴലിക്കാറ്റിന്റെ പേരണിഞ്ഞ് മുംബൈ തീരത്തെ പിടിച്ചു കുലുക്കിയിട്ടില്ലെന്നാണ് കാറ്റുകളുടെ ഔദ്യോഗിക ചരിത്രം രേഖപ്പെടുത്തുന്ന സൈക്ലോണ്‍ ഇ-അറ്റ്‌ലസ് സൂചിപ്പിക്കുന്നത്.
2017 ല്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് അടുത്തെത്തിയെങ്കിലും അത് മുംബൈ എത്തുംമുന്‍പു തന്നെ ചെറുകാറ്റായി ദുര്‍ബലപ്പെട്ടു. മുംബൈയില്‍ പലയിടത്തും അന്നു ശക്തമായ മഴ ലഭിക്കുകയും ചെയ്തു. ഇതിനുമുമ്പ് 2009-ല്‍ ഫയാന്‍ ചുഴലിക്കാറ്റും നിസര്‍ഗയുടെ പാതയില്‍ തന്നെ എത്തിയെങ്കിലും മുബൈ തീരം തൊട്ടില്ല. അന്നും മുംബൈ ഏറ്റുവാങ്ങിയത് ശക്തമായ മഴ മാത്രം.
ഇങ്ങനെ സംഭവിക്കുന്നതിന് രണ്ടു കാരണങ്ങളാണുള്ളത്. മുംബൈയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെയാണ് ആദ്യത്തെ പ്രധാന കാരണം. മേയ് മാസത്തില്‍ അറബിക്കടലില്‍ രൂപം കൊള്ളുന്ന മിക്ക കൊടുങ്കാറ്റുകളും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അറേബ്യന്‍ തീരത്തേക്കു മാറുകയാണ് പതിവ്. ജൂണിലാകട്ടെ വടക്കുദിക്കിലേക്ക് സഞ്ചരിച്ച് ഗുജറാത്ത് തീരത്തേക്കാണ് ഇതിന്റെ ദിശതിരിയല്‍. ഭൂമിയുടെ ഭ്രമണവും ഇതിന് ചാലകമാകുന്നു.
വടക്കന്‍ അര്‍ദ്ധഗോളത്തില്‍ വിപരീതഘടികാരദിശയിലാണ് ഇത് ചുഴലിക്കാറ്റുകളെ അകറ്റുന്നത്. മധ്യകിഴക്കന്‍ ദിശയിലോ തെക്കുകിഴക്കന്‍ ദിശയിലോ ആണ് സാധാരണ അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. സാധാരണനിലയില്‍തന്നെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്കാകും അവയുടെ ഗതിപഥം. പലപ്പോഴും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലേക്കാവും അല്‍പമൊന്നു മാറിയാല്‍ പോലും ഇവ ആഞ്ഞടിക്കുക. ഇത്തരത്തില്‍ അറബിക്കടലില്‍ ഉത്ഭവിക്കുന്ന ചുഴലിക്കാറ്റുകളുടെ സ്വാഭാവിക ഇടത്താവളമല്ലായിരുന്നു ഇതുവരെ മുംബൈ.
രണ്ടാമത്തെ കാരണം ചുഴലിക്കാറ്റുകളെ നയിക്കുന്ന ദിശാവായു(സ്റ്റിയറിങ് വിന്‍ഡ്) ആണ്. അന്തരീക്ഷത്തിന്റെ മധ്യ പാളിയില്‍ ഭൂമിയുടെ ഉപരിതലത്തിനു മുകളിലായി വീശുന്ന കാറ്റുകളാണിവ. കൊടുങ്കാറ്റുകള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും മുകള്‍ത്തട്ടായ ഈ ഭാഗത്തുള്ള ഇത്തരം കാറ്റുകളാണ് ചുഴലികള്‍ക്കു വഴികാട്ടുന്നത്. ചുഴലിക്കാറ്റിന്റെ മുകള്‍പാളിയില്‍ സ്ഥാനം ഉറപ്പിച്ച് ചലിക്കുന്നതിനാല്‍ ചുഴലി ഏതു ദിശയില്‍ സഞ്ചരിക്കണമെന്നതിലും ഇവ നിര്‍ണായകമാകുന്നു.
ചുഴലിക്കാറ്റുകള്‍ തീരത്തിനടുത്ത് സാധാരണ രൂപപ്പെടാറില്ലെന്നതും മുംബൈയ്ക്കു തുണയാണ്. സ്റ്റിയറിങ് വിന്‍ഡ് അവയെ ഇന്ത്യന്‍ തീരത്തു നിന്നും അകറ്റുന്നതിനാലാണ് അറബിക്കടലിലെ മിക്ക ചുഴലിക്കാറ്റുകളും വടക്കുകിഴക്കുള്ള ഒമാന്‍, യെമന്‍ എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ സൊമാലിയ തുടങ്ങിയ മേഖലകളിലേക്കും വഴിമാറിപ്പോകുന്നത്.
പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പ്രത്യേക മര്‍ദ്ദമേഖലയും മുംബൈയ്ക്ക് കവചമൊരുക്കുന്നു. ഇവിടെ കാറ്റ് വളരെ ശാന്തവും തണുത്തതുമാണ്. ചീറിയെത്തുന്ന കാറ്റിന്റെ ശക്തി കുറയ്ക്കാന്‍ ഇത് കാരണമാകുന്നു. ഇതിനു സമീപമെത്തുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ തണുത്തുപോകുന്നു. മുംബൈ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരങ്ങളില്‍ കാലവര്‍ഷത്തിനു മുന്‍പുതന്നെ ഈ മര്‍ദ്ദമേഖല രൂപം കൊള്ളുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ചുഴലിക്കാറ്റുകള്‍ കരതൊടുന്നതും ഇവ തടയുന്നു.
ഈ സാഹചര്യത്തിലാണ് അവ പടിഞ്ഞാറന്‍ തീരത്തു കൂടി ഗുജറാത്തിലേക്ക് കടക്കുന്നത്. 1998- ലെ ഗുജറാത്ത് ചുഴലിക്കാറ്റിനും 2019-ലെ 'വായു' ചുഴലിക്കാറ്റിനും പിന്നില്‍ ഇതായിരുന്നു. എന്നാല്‍ അറബിക്കടലിലെ കാറ്റിന്റെ ഗതിവിഗതികള്‍ മാറിമറിയുന്ന കാഴ്ചയാണിപ്പോള്‍. 1902-നു സമാനമായി അഞ്ച് ചുഴലിക്കാറ്റുകളാണ് 2019-ല്‍ മാത്രം ഈ മേഖലയില്‍ ആഞ്ഞടിച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലില്‍ താപനില ഉയരുന്നതാണ് ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മറ്റൊരു തെളിവായാണ് 'നിസര്‍ഗ' വിലയിരുത്തപ്പെടുന്നതും.
ബുധനാഴ്ച മുംബൈയുടെ അലിബാഗ് തീരം തൊട്ട ചുഴലിക്കാറ്റ് കടല്‍ക്ഷോഭവും പേമാരിയും അടക്കം കനത്ത നാശനഷ്ടമാണുണ്ടാക്കിയതും. പതിനായിരക്കണക്കിന് പേരെയാണ് കാറ്റിനു മുന്നോടിയായി മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും മാറ്റിപാര്‍പ്പിച്ചത്. കോവിഡ് മഹാമാരിയില്‍ അടിപതറുന്ന ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന് ഇരട്ടപ്രഹരമായാണ് നിസര്‍ഗയെത്തിയത്.
https://www.facebook.com/Malayalivartha