ഓണ്‍ലൈന്‍ അധ്യയനം: സ്കൂള്‍ അധ്യാപിക സ്മാര്‍ട്ട് ഫോണോ ടിവിയോ ഇല്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്ക വാട്സാപ് ഗ്രൂപ്പില്‍ പങ്കുവച്ചു; 15 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ എത്തി!
കല്ലേക്കാട് വിഎംയുപി സ്കൂള്‍ അധ്യാപിക കെ.സി. രൂപ പാലക്കാട് കാണിക്കമാതാ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ വാട്സാപ് ഗ്രൂപ്പില്‍ സ്കൂളിലെ സ്മാര്‍ട്ട് ഫോണോ ടിവിയോ ഇല്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്കയെ കുറിച്ച് മെസേജ് ഇട്ടു. 'അധ്യയനം ഓണ്‍ലൈനായതോടെ സ്കൂളിലെ സ്മാര്‍ട്ട് ഫോണോ ടിവിയോ ഇല്ലാത്ത വിദ്യാര്‍ഥികളുടെ കാര്യം കഷ്ടത്തിലായി', എന്ന ആശങ്ക പങ്കുവച്ചു നിമിഷങ്ങള്‍ക്കകം ചെന്നൈയില്‍നിന്ന് ഒരു കോള്‍ എത്തി. 'ഹലോ രൂപ, ഞാന്‍ പ്രീതിയാണ്. എത്ര കുട്ടികള്‍ക്കാണു സ്മാര്‍ട്ഫോണ്‍ ആവശ്യമുള്ളത്?'
ഗ്രൂപ്പിലെ മെസേജ് കണ്ടയുടനെ ചെന്നൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന പ്രീതി ഉണ്ണിക്കൃഷ്ണന് തന്റെ സഹപാഠിയായിരുന്ന രൂപയോട് കാര്യം അന്വേഷിക്കയായിരുന്നു. പിന്നെ, മറ്റു വാട്സാപ് ഗ്രൂപ്പുകളിലേക്കു മെസേജ് കൈമാറി.
മിനിറ്റുകള്‍ക്കുള്ളില്‍ മൊബൈല്‍ നല്കാന് സന്നദ്ധത അറിയിച്ചു 7 പേര് പ്രീതിയെ വിളിച്ചു. ചെന്നൈയിലായിരുന്നതിനാല്‍ ഫോണുകള്‍ നേരിട്ടു വാങ്ങി എത്തിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ഓണ്‍ലൈന്‍ വഴി വാങ്ങി നല്കാന് ശ്രമിച്ചു. എന്നാല്‍ അതു നീണ്ടുപോകും എന്നു തോന്നിയപ്പോള്‍ ഉടനെ പാലക്കാട്ടുള്ള തന്റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങള്‍ ഏര്‍പ്പാടാക്കി. അടുത്ത ദിവസം തന്നെ കല്ലേക്കാട് സ്കൂളിലെ 15 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ എത്തി.
പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ പ്രീതി 15 വര്‍ഷമായി ചെന്നൈയിലാണു താമസം. ഏകദേശം ഒരു ലക്ഷം രൂപയുടെ ഫോണുകളാണു കൈമാറിയത്. 'മെസേജ് കണ്ടപ്പോള്‍ കഴിയുന്ന സഹായം ചെയ്യണമെന്നുണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ കൂടി സന്നദ്ധത അറിയിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഇതുപോലെ കൊച്ചു കൊച്ചു സഹായങ്ങള്‍ ചെയ്യാന്‍ എല്ലാവരും തയാറായാല്‍ ഏതു പ്രതിസന്ധികളെയും നമുക്ക് അതിജീവിക്കാം', പ്രീതി പറയുന്നു.
https://www.facebook.com/Malayalivartha