സംഘപരിവാറിന്റെ 70 വര്‍ഷങ്ങള്‍; ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്രമോദിവരെ; മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകള്‍; നിരേധനത്തില്‍ നിന്നും അധികാരത്തിലേക്കുള്ള ദൂരം; അയോധ്യയും കാശ്മീരും സി.എ.എയും സംഘപരിവാറിന്റെ നേട്ടങ്ങള്‍

1951 ഒക്ടോബര്‍ 21 ന്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്ന മുന്‍കോണ്‍ഗ്രസുകാരന്‍ തുടങ്ങിയ ഭാരതീയ ജനസംഘം തൊട്ടാണ് സംഘപരിവാറിന്റെ വ്യവസ്ഥാപിത ചരിത്രം തുടങ്ങുന്നതെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ സംഭവബഹുലമായ സംഘപരിവാര്‍ രാഷ്ട്രീയം 70 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1951 നു മുമ്പും ഇന്ത്യയില്‍ ഹിന്ദു മഹാസഭ എന്നൊരു സംഘടന നിലവിലുണ്ട് എങ്കിലും, അതിന് ഇന്ന് കാണുന്നത്ര വ്യക്തമായ ഒരു രൂപമുണ്ടായിരുന്നില്ല. 'സംഘപരിവാര്‍' എന്ന പേര് ഇന്ത്യന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവാഭിമുഖ്യമുള്ള സംഘടനകളെ ഒന്നിച്ചു പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഒരു പൊതു സംജ്ഞയാണ്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍എസ്എസ്, ഭാരതീയ ജനതാ പാര്‍ട്ടി എന്ന ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് എന്ന വിഎച്ച്പി, അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത് എന്ന എബിവിപി, താരതമ്യേന തീവ്രസ്വഭാവം കൂടുതലുള്ള ബജ്‌റംഗ് ദള്‍, വലതുപക്ഷ തൊഴിലാളിയൂണിയനായ ഭാരതീയ കിസാന്‍ സംഘ്, ശിവസേന തുടങ്ങി പല മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന സംഘടനകളും സംഘപരിവാര്‍ എന്ന വിശാലമായ കുടക്കീഴില്‍ വര്‍ഷങ്ങളായി അണിനിരക്കുന്നുണ്ട്.
1929 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന മുഖര്‍ജി, 1930 ല്‍ അവിടെ നിന്ന് രാജിവെച്ചിറങ്ങിപ്പോവുന്നു. പിന്നീട് ഹിന്ദു മഹാസഭയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഖര്‍ജി,1948 ല്‍ നടന്ന മഹാത്മാഗാന്ധി വധത്തെ തുടര്‍ന്ന് ആ ബന്ധം പരിപൂര്‍ണമായും വിച്ഛേദിക്കുന്നു. അക്കൊല്ലം തന്നെ നെഹ്‌റു മുഖര്‍ജിയെ തന്റെ മന്ത്രിസഭയിലെ വ്യവസായ വിതരണ വകുപ്പുകളുടെ ചുമതല ഏല്‍പ്പിക്കുന്നുമുണ്ട്. എന്നാല്‍, 1950 ല്‍ പാക് പ്രധാനമന്ത്രി ലിയാക്കത് അലി ഖാനുമായി നെഹ്‌റു ഉണ്ടാക്കിയ ഉടമ്പടിയോടുള്ള വിയോജിപ്പ് കാരണം മുഖര്‍ജി ആ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകുന്നു. അതിതീവ്ര ദേശീയതാ വാദത്തിന്റെ പ്രയോക്താവായി തുടക്കം മുതലേ അറിയപ്പെട്ടു തുടങ്ങിയിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, 'പാകിസ്ഥാനെ പ്രീണിപ്പിക്കുന്ന നിലപാടാണ് നെഹ്‌റുവിന്റേത്' എന്നാക്ഷേപിച്ചുകൊണ്ടായിരുന്നു മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്.
1925 ല്‍ തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടിരുന്നു എങ്കിലും, അതിനൊരു രാഷ്ട്രീയ മുഖം വേണമെന്ന എം എസ് ഗോള്‍വാള്‍ക്കറുടെ നിര്‍ദേശപ്രകാരമാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, 1951 ല്‍ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുന്നത്. ഹിന്ദു ദേശീയത തന്നെയായിരുന്നു ഇരു കൂട്ടരുടെയും പ്രഖ്യാപിത ലക്ഷ്യം. കോണ്‍ഗ്രസിന് ഒരു ദേശീയ ബദല്‍ എന്ന നിലക്കാണ് ഡോ. മുഖര്‍ജി തന്റെ പാര്‍ട്ടിയായ ജനസംഘത്തെ മുന്നോട്ട് വെക്കുന്നത്.
1952ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനസംഘത്തിന്റെ ടിക്കറ്റില്‍ ജയിച്ചു കയറിയ 3 പാര്‍ലമെന്റേറിയന്മാരില്‍ ഒരാള്‍ ഡോ. മുഖര്‍ജി ആയിരുന്നു. അന്നുതന്നെ, ജമ്മു കശ്മീരിന് സവിശേഷ പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 നെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആളാണ് ഡോ. മുഖര്‍ജി. 1953 മെയ് 11 ന് പ്രതിഷേധിക്കാന്‍ വേണ്ടി പെര്‍മിറ്റില്ലാതെ കാശ്മീരില്‍ പ്രവേശിച്ച ഡോ. മുഖര്‍ജിയെ ഫാറൂഖ് അബ്ദുല്ലയുടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല്‍പതു ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം ഡോ. മുഖര്‍ജി മരണപ്പെടുന്നു.
പിന്നീട്, അറുപതുകളില്‍ ദീന്‍ ദയാല്‍ ഉപാധ്യായയും, എഴുപതുകളില്‍ അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി എന്നിവരും ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റുമാര്‍ ആയിരുന്നു. പിന്നീട് എഴുപതുകളുടെ അവസാനത്തോടെ ഭാരതീയ ജനസംഘം, ഭാരതീയ ലോക് ദള്‍, കോണ്‍ഗ്രസ് ഓ, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയ്‌ക്കൊപ്പം ജനത പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിയില്‍ ലയിക്കുകയും. ജനതാ പാര്‍ട്ടി പിന്നീട് ക്ഷയിച്ച് നാമാവശേഷമായതിനു പിന്നാലെ, 1980 ല്‍ ബിജെപി എന്ന പേരില്‍ ജനസംഘം മുഖ്യധാരാ രാഷ്ട്രീയ ഗോദയിലേക്ക് പുനര്‍ജനിക്കുകയുമാണ് ഉണ്ടായത്.
1984 ലെ തെരഞ്ഞെടുപ്പിലൂടെയുള്ള ബിജെപിയുടെ ദേശീയ രാഷ്ട്രീയ രംഗപ്രവേശം വളരെ നിറം മങ്ങിയതായിരുന്നു. രണ്ടേ രണ്ടു സീറ്റ് മാത്രമാണ് ആ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയത്. പിന്നീടങ്ങോട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് പ്രധാന ഉത്തേജകമായി വര്‍ത്തിച്ചത് അയോദ്ധ്യ കേന്ദ്രീകരിച്ച് അദ്വാനിയും മറ്റും ചേര്‍ന്ന് സംഘടിപ്പിച്ച രാം ജന്മഭൂമി മൂവ്‌മെന്റ് ആണ്. അതിന്റെ പേരില്‍, തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ഉണ്ടായ ബാബ്‌റി മസ്ജിദ് തകര്‍ന്നതടക്കമുള്ള പ്രതിസന്ധികള്‍ ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തു. തൊണ്ണൂറുകളുടെ തുടക്കം തൊട്ടുതന്നെ നിയമ സഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടുവന്നു.
ഒടുവില്‍,1996 ല്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടുന്നു. എന്നാല്‍ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതിരുന്ന വാജ്‌പേയി ഗവണ്മെന്റ് 13 ദിവസത്തിനുള്ളില്‍ നിലം പൊത്തുന്നു. 1998 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നു. ഇത്തവണ എന്‍ഡിഎ മന്ത്രിസഭയ്ക്ക് ഒരു വര്‍ഷത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നു. 1999 ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. കാര്‍ഗില്‍ യുദ്ധാനന്തരം അധികാരത്തിലേറിയ മൂന്നാം വാജ്‌പേയി സര്‍ക്കാര്‍ അഞ്ചുകൊല്ലം തികച്ചും ഭരിക്കുന്നു. പിന്നീട് 2014 ല്‍ വീണ്ടും നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭ. 2019 ല്‍ രണ്ടാമൂഴവും.
1951 ല്‍ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല, എഴുപതിറ്റാണ്ടുകള്‍ക്കു ശേഷം, ഇന്ന് രാജ്യത്ത് നിലവിലുള്ളത്. ഭാരതീയ ജനസംഘം എന്ന ആദ്യ സംഘടന ഇന്നില്ലെങ്കിലും അതിന്റെ അതേ പ്രത്യയശാസ്ത്രം നൂറുമടങ്ങു ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കുന്ന പരശ്ശതം സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് ഏറെ സജീവമായി പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയം ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ ആഴത്തില്‍ വേരോടിക്കഴിഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, അത് നമ്മുടെ ദൈനംദിന ജീവിതങ്ങളില്‍ ചെലുത്തുന്ന സ്വാധീനം ഇന്ന് ഏറെ നിര്‍ണായകവുമാണ്.
സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായ പ്രധാന്യമുണ്ടായിരുന്ന വിഷയങ്ങളാണ് അയോധ്യ രാമക്ഷേത്രവും കാശ്മീരിലെ ആര്‍ട്ടിക്കള്‍ 370, സി.എ.എ- എന്‍.ആര്‍.സി നിയമങ്ങള്‍. ഇവയെല്ലാം മോദി സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിച്ചു. അതുകൊണ്ടു തന്നെ ഹിന്ദുത്വ വികാരത്തെ ബി.ജെ.പി സര്‍ക്കാരിനൊപ്പം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ഇതെല്ലാം വീണ്ടും വോട്ടുകളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടുത്തെ കോണ്‍ഗ്രസ് അടക്കമുള്ള ലിബറല്‍ രാഷ്ട്രീയക്കാര്‍ക്കും, ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്കും പുരോഗമന വാദികള്‍ക്കുമൊന്നും സംഘപരിവാറിലേക്കുള്ള ഹിന്ദുക്കളുടെ പോക്കിനെ തടയാന്‍ കഴിഞ്ഞില്ല.
ഹിന്ദുമതം എന്നാല്‍ സംഘപരിവാറാണെന്ന ഒരു സങ്കല്‍പത്തിലേക്കെത്തി. സാധാരണക്കാരുടെ ഹിന്ദു വിശ്വാസത്തെ എതിര്‍ത്തുകഴിഞ്ഞാല്‍ അവരെന്തുചെയ്യും, സ്വാഭാവികമായും തങ്ങളുടെ രക്ഷകര്‍ ബിജെപി ആണെന്നവര്‍ കരുതി. മതനിഷേധം കൊണ്ടോ പാശ്ചാത്യ യുക്തിവാദം കൊണ്ടോ അല്ല അവരെ സമീപിക്കേണ്ടത്. ആളുകളുടെ വിശ്വാസം കണക്കിലെടുക്കണം. നമ്മുടെ രാജ്യത്തിലെ മതത്തിന്റെ മഹത്തായ സംസ്‌ക്കാരത്തെ വിലമതിക്കണമായിരുന്നു. അങ്ങനെയൊരു നടപടി മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയില്ല. അതിന്റെ ഫലമാണ് ഹിന്ദുക്കളുടെ ഉടമസ്ഥരായി ബിജെപി മാറിയത്.
https://www.facebook.com/Malayalivartha