ഹരിത കര്‍മസേനാംഗമായ അന്നമ്മ, സ്ഥാനാര്‍ഥി ആയപ്പോഴും 'നാട് ക്ലീനാ'ക്കാനുള്ള തന്റെ ഉത്തരവാദിത്തം മറക്കുന്നില്ല!
അയ്മനം പഞ്ചായത്ത് 11-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അന്നമ്മ രാജീവ് പഞ്ചായത്തിലെ ഹരിത കര്‍മസേനാംഗം കൂടിയാണ്. വീടുകളില്‍നിന്നു കൃത്യമായ ഇടവേളകളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്കരണ പ്ലാന്റുകളില്‍ എത്തിക്കുന്ന ജോലിയാണ് അന്നമ്മയുള്പ്പെടെയുള്ള ഹരിത കര്‍മസേനാംഗങ്ങള്‍ ചെയ്യുന്നത്.
ജോലിയില്‍ അലസതകാട്ടാന് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലും അന്നമ്മയ്ക്കു മനസു വരുന്നില്ല. വോട്ട് തേടുന്ന തിരക്കിലും വഴിയിലോ തൊടിയിലോ പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ അന്നമ്മ മുഖംതിരിക്കില്ല. കഴിയുമെങ്കില്‍ വോട്ട് തേടി പോകുമ്പോള്‍ കൈയില്‍ ഒരു കവറും കരുതിയിരിക്കും, മാലിന്യശേഖരണത്തിന്. വോട്ട് തേടി പോകുമ്പോഴും മാലിന്യം പെറുക്കുന്നത് അഭംഗിയല്ലേയെന്ന് സ്ഥാനാര്‍ഥിയോടു ചോദിച്ചാല്‍, ഒരു നാണക്കേടുമില്ല നാടിനു നന്മ വരുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നാകും അന്നമ്മയുടെ മറുപടി.
ഭര്‍ത്താവ് രാജീവും മകന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി സിദ്ധാര്‍ഥും സര്‍വപിന്തുണയുമായി ഒപ്പമുണ്ട്. ഹരിത കര്‍മസേനയുടെ അജൈവ മാലിന്യ സംസ്കരണം കോട്ടയം ജില്ലയില്‍ ഏറ്റവും ഭംഗിയായി നടക്കുന്ന പഞ്ചായത്തുകളിലൊന്നാണ് അയ്മനം. വാര്‍ഡില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യം അന്നമ്മയ്ക്കില്ല, അതുകൊണ്ടുതന്നെയാണ് സ്ഥാനാര്‍ഥിത്വം അന്നമ്മയെ തേടിയെത്തിയത്.
https://www.facebook.com/Malayalivartha