പറവൂര്‍ ക്ഷേത്രകുളത്തില്‍ പെണ്‍കുട്ടി ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത മാറുന്നില്ല; കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം; ഫോണിലെ ശബ്ദസന്ദേശം പരിശോധിക്കാതെ പൊലീസ് ഒളിച്ചുക്കളിക്കുന്നു

പറവൂര്‍ പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തില്‍ പെണ്‍കുട്ടി ചാടി മരിച്ച സംഭവത്തില്‍ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. പെരുവാരം പാലത്തിന് സമീപം മാവേലിപറമ്പ് വീട്ടില്‍ വിജയന്‍പിള്ളയുടെ മകള്‍ ഹരിത എന്ന 18 വയസുകാരിയാണ് മരണപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 12 നാണ് സംഭവം നടക്കുന്നത്.
മകളെ കാണാനില്ലെന്ന വിവരം വിജയന്‍പിള്ള പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ മാര്‍ച്ച് 11 ന് അറിയിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിതയുടെ മൃതദേഹം പേരുവാരം ക്ഷേത്രകുളത്തില്‍ നിന്നും ലഭിച്ചത്. പിന്നീട് ഹരിതയുടെ വീട്ടില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പക്ഷേ ഇതില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല എന്നാണ് പൊലീസ് ഹരിതയുടെ വീട്ടുക്കാരോട് പറഞ്ഞത്.
അതേസമയം ഹരിത 21 വയസുള്ള ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് ഹരിതയുടെ സഹോദരി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട വിഷയമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നാണ് വീട്ടുക്കാരുടെ പരാതി. ഹരിതയുടെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദ സന്ദേശത്തില്‍ യുവാവിന്റെ മാതാവുമായി പെണ്‍കുട്ടി സംസാരിക്കുന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ഈ ശബ്ദസന്ദേശത്തില്‍ പെണ്‍കുട്ടിയെ വളരെയധികം അധിക്ഷേപിച്ചാണ് യുവാവിന്റെ മാതാവ് സംസാരിക്കുന്നത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നതും പിന്നീട് മൃതദേഹം ക്ഷേത്രകുളത്തില്‍ നിന്നും കണ്ടെത്തുന്നതും.
ഹരിതയുടെ ഫോണില്‍ നിന്നും ലഭിച്ച ഈ ശബ്ദരേഖ അടങ്ങുന്ന മെമ്മറികാര്‍ഡ് വീട്ടുക്കാര്‍ പൊലീസ് കൈമാറി. എന്നാല്‍ ഇത് പരിശോധിക്കാനോ തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ല. പകരം കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ഹരിതയുടെ പിതാവ് വിജയന്‍പിള്ള മലയാളി വാര്‍ത്തയോട് പറഞ്ഞു. സ്വാഭാവിക ആത്മഹത്യയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. തന്റെ മൊഴി പോലും ഇതുവരെ പൊലീസ് രേഖപ്പെടുത്തിട്ടില്ലെന്നും വിജയന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha