ഫോൺ വിവാദം നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം... ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി!സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണം... അതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് സതീശന്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി... നിയമസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലീസ്....

പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ മന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചത് നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സ്ഥലം എം.എല്‍.എ പി.സി വിഷ്ണുനാഥ് ആരോപിച്ചു.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഗവര്‍ണര്‍ക്ക് വരെ നിരാഹാരം കിടക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചു. എന്നാല്‍ ശശീന്ദ്രനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്.
പാര്‍ട്ടിയിലെ പ്രശ്‌നം അന്വേഷിക്കാനാണ് മന്ത്രി വിളിച്ചത്. പ്രശ്‌നം മറ്റുപല വഴിക്കും തിരിഞ്ഞുപോയി എന്ന കാര്യം വിളിക്കുന്ന സമയത്ത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം തന്നെ കേസില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചിലും ഇതിനിടയിലുണ്ടായി.
പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ച പോലീസ് രസീത് നല്‍കിയിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസം നേരിട്ടു. കേസെടുക്കാന്‍ വൈകിയയോ എന്നത് ഡി.ജി.പി അന്വേഷിക്കും. പരാതിക്കാരിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ എത്തിയില്ല. ഗവര്‍ണറുടെ ഉപവാസം സമൂഹത്തെ ബോധവത്കരിക്കാനാണ്. അതൊരിക്കലും സര്‍ക്കാരിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ സംസാരിക്കുകയാണ്. പരാതിക്കാരി മൊഴിനല്‍കാന്‍ വന്നില്ലെന്ന് പോലീസ് കള്ളം പറയുകയാണ്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണോ വേട്ടക്കാര്‍ക്ക് ഒപ്പമാണോയെന്ന് വ്യക്തമാക്കണം.
മുഖ്യമന്ത്രി നിയമസഭയിലിരിക്കുന്നത് തലകുനിച്ചാണ്. എന്തിനാണ് മുഖ്യമന്ത്രി ഈ മന്ത്രിയെ ന്യായീകരിക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. പോലീസ് മുഖ്യമന്ത്രിക്ക് തെറ്റായ റിപ്പോര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. അതാണ് മുഖ്യമന്ത്രി സഭയില്‍ വായിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത പരാതി ഒതുക്കാനാണോ ഒരു മന്ത്രി ഇടപെടുന്നത്. ഈ കെട്ട കാലത്ത് സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയത്.
പെണ്‍കുട്ടിയുടെ പിതാവിനെ മന്ത്രി വിളിച്ചത് ഈ കേസിന്റെ കാര്യത്തിനല്ലാതെ അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ എടുക്കാനല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു. മന്ത്രി ഈ വിഷയത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ മാത്രമാണ് വിളിച്ചതെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും. അദ്ദേഹം പരാതിക്കാരിയുടെ പിതാവിനെ വിളിച്ചുവെങ്കില്‍ ആരെയൊക്കെ വേറെ വിളിച്ചുകാണും?
പോലീസിനെ വിളിച്ചില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ? പരാതി നല്‍കി 22 ദിവസം കഴിഞ്ഞാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണം. അതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പോലീസിന് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മതവും പ്രതിപക്ഷം ആയുധമാക്കി.
അതിനിടെ വിഷയത്തില്‍ ഇടപെട്ട് അനൂപ് ജേക്കബ് സംസാരിക്കാന്‍ ശ്രമിച്ചത് സ്പീക്കര്‍ തടഞ്ഞു. ഇതും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതിനിടെ, നിയമസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി പ്രവര്‍ത്തക കൂടിയാണ് പരാതി.
https://www.facebook.com/Malayalivartha