ആറ്റിങ്ങൽ സൂര്യ മുതൽ കോതമംഗലം മാനസ വരെ... കേരളത്തെ ഞെട്ടിച്ച പ്രണയ കൊലപതകങ്ങൾ; കാമുകന്മാർ തിരഞ്ഞെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത വഴികൾ

സുരക്ഷിത ഇടമെന്ന് കരുതുന്ന വീട്ടിൽ, ജോലിക്കുപോകുമ്പോള്‍, കോളേജിലേക്ക് പോകുന്ന വഴിയില്‍, ക്ലാസ് മുറിയില്‍ വച്ച്, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവർ കൊല്ലപ്പെട്ടു. ആദ്യം പ്രണയം പിന്നെ കൊലപാതകം. കേരളത്തെ ഞെട്ടിച്ച പല കൊലപാതകങ്ങളുടെയും അവസാനം അതായിരുന്നു. കോതമംഗലത്തെ അരുംകൊല കേരള ജനത നടുക്കത്തോടെയാണ് കേട്ടറിഞ്ഞത്. 24 വയസുകാരിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവൻ പൊലിയുന്ന അനേകം പെൺകുട്ടികളിൽ ഏറ്റവും ഒടുവിലത്തെ പേരാണ് മാനസയുടേത്.
വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻനായരുടെയും വെമ്പായും ഹാപ്പിലാൻഡിലെ ജീവനക്കാരി സുശീലയുടെയും മകൾ സൂര്യ എസ്.നായർ (25) 2016 ജനുവരി 27നാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് സമീപത്തെ തോപ്പിൽ റോഡിൽ കൊല്ലപ്പെടുന്നത്. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റാണ് സൂര്യ മരിച്ചത്.
വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന സൂര്യയുമായി അടുപ്പത്തിലായിരുന്ന ഷിജു സൂര്യയുടെ സ്വഭാവശുദ്ധിയിൽ സംശയിച്ച് യുവതിയെ ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് സൂര്യയും ഷിജുവും പരിചയപ്പെടുന്നത്. അടുപ്പം പിന്നീട് പ്രണയമായി. ഇരുവരുടെയും വീട്ടുകാർ തമ്മിൽ വിവാഹാലോചനവരെ കാര്യങ്ങളെത്തിയിരുന്നു. എന്നാൽ, സൂര്യയ്ക്ക് ഫെയ്‌സ്ബുക്കിലുള്ള മറ്റ് ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ ഷിജു സംശയിക്കുകയായിരുന്നു.
സംഭവ ദിവസം വസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് ഷിജു സൂര്യയെ ആറ്റിങ്ങലിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തോപ്പിൽ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി ശരീരത്തില്‍ സ്വയം ധാരാളം മുറിവേല്‍പ്പിച്ചതോടൊപ്പം ഉയര്‍ന്ന അളവിലുള്ള പാരസിറ്റമോള്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു.
കേരളത്തെ ഞെട്ടിച്ച, പ്രണയകൊലപാതകമെന്ന് നമ്മൾ വിശേഷപ്പിച്ച് തുടങ്ങിയ സംഭവം നടന്നത് 2017 ഫ്രെബുവരി ഒന്നിനായിരുന്നു. ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ.ലക്ഷ്മിയെ (22) പുത്തന്‍തുറ കൈലാസമംഗലത്ത് ആദര്‍ശ് (25) പെട്രോളൊഴിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്നു ലക്ഷ്മി. പൂര്‍വവിദ്യാര്‍ഥി കൂടിയായ ആദര്‍ശ് കോളേജില്‍ എത്തി ശരീരത്തിന് സ്വയം തീകൊളുത്തിയ ശേഷം ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരണത്തിന് കീഴടങ്ങി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതും താന്‍ ചതിക്കപ്പെട്ടോ എന്ന സംശയവുമായിരുന്നു ആദര്‍ശിനെ കൊലപാതകത്തിലെയ്ക്ക് നയിച്ചത്.
പിന്നീട് 2019 ലെ മറ്റൊരു പ്രണയ പ്രതികാരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. 2019 മാർച്ച് 12നായിരുന്നു സംഭവം. തിരുവല്ല അയിരൂർ സ്വദേശി കവിത വിജയകുമാറിനെ പ്രണയം നിഷേധിച്ചതിന്റെ പേരിൽ അജിൻ റെജി മാത്യൂസ് (18) എന്ന യുവാവ് പൊതുവഴിയിൽ തടഞ്ഞു നിർത്തി കുത്തിപ്പരിക്കേൽപ്പിച്ചശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുന്ന കവിത കോളേജിലേയ്ക്ക് പോകുന്ന വഴിയ്ക്കായിരുന്നു കൊലപാതകം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഇവര്‍ സഹപാഠികളായിരുന്നു. കവിത പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
അതേ വർഷം തന്നെയാണ് ഏപ്രിൽ നാലാം തീയതി തൃശൂർ ചീയാരത്ത് എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർഥിനിയായ നീതു(22)വും കൊല്ലപ്പെടുന്നത്. വടക്കേകാട് സ്വദേശി നിതീഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഏറെക്കാലമായി ഇവര്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ നീതു വിവാഹത്തെ എതിര്‍ത്തതും തന്നെ ചതിക്കുന്നുവെന്ന ചിന്തയുമാണ് നിതീഷിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പുലര്‍ച്ചെ നീതുവിന്റെ വീട്ടില്‍ വച്ചായിരുന്നു നിതീഷ് ക്യത്യം നിര്‍വഹിച്ചത്.
അതേ വര്‍ഷം ജൂലൈ പതിനാലാം തിയതി കേരളം കേട്ടത് മറ്റൊരു പ്രണയ കൊലപാതകമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് പത്തനംതിട്ട കടമനിട്ട സ്വദേശിനി 17 വയസുകാരിയായിരുന്ന ശാരികയായിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയായ സജില്‍(20) വീട്ടില്‍ എത്തി പെണ്‍കുട്ടിയെ വിളിച്ച് ഇറക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു.
2019 ഒക്ടോബർ പത്താം തീയതിയാണ് പറവൂര്‍ സ്വദേശിയായ മിഥുന്‍ കാക്കനാട് വച്ച് ദേവികയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത്. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന് ദേവിക പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. മിഥുന്‍ രാത്രി വീട്ടിലെത്തി ദേവികയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുനും ഒപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു.
ദേവികയുടെ മരണത്തിന് മുമ്പ് കേരളത്തെ ഞെട്ടിച്ചത് പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയുടെ കൊലപാതകമായിരുന്നു. സൗമ്യയെ കത്തിച്ചു കൊലപ്പെടുത്തിയ ശേഷം അജാസിന്റെ മൊഴി ഭയപ്പെടുത്തുന്നതായിരുന്നു. 'എനിക്ക് സൗമ്യയെ ഇഷ്ടമായിരുന്നു. വിവാഹാഭ്യര്‍ഥന സൗമ്യ നിരസിച്ചു. തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.' പോലീസ് അക്കാദമിയിലെ പരിശീലനവേളയിലാണ് ഇരുവരും പരിചയത്തിലായത്. സൗഹൃദത്തില്‍ നിന്ന് സൗമ്യ പിന്തിരിയുമെന്ന ഭയമാണ് അജാസിനെ കൊലപാതത്തിലേയ്ക്ക് നയിച്ചത്.
പ്രണയ നിഷേധത്തിന്‍റെയും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട മറ്റൊരു പെൺകുട്ടിയായിരുന്നു രണ്ടാം വർഷ നിയമ വിദ്യാർഥിനിയായിരുന്ന ഏലംകുളം എളാട് കുഴുന്തറ ചെമ്മാട്ടുവീട്ടില്‍ സി.കെ.ബാല ചന്ദ്രന്‍റെ മകള്‍ ദൃശ്യ (21). ഉറങ്ങിക്കിടന്ന ദൃശ്യയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയും വിനീഷും കുന്നക്കാവ് ഗവ. സ്ക്കൂളില്‍ പ്ലസ് ടു വിന് ഒന്നിച്ച് പഠിച്ചവരായിരുന്നു. തലേന്ന് രാത്രി പെണ്‍കുട്ടിയുടെ അച്ഛന്‍റെ കട തീയിട്ടശേഷം 13 കിലോമീറ്റര്‍ നടന്ന് കുഴുന്തറയിലെ ദൃശ്യയുടെ വീടിന് സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30 ന് ബാലചന്ദ്രന്‍ കടയില്‍ പോയ സമയത്താണ് കൃത്യം നടത്തിയത്. കൊതുകുതിരി കഴിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് 2021 ജൂലൈ 30ന് 24 വയസുകാരിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകൻ രഖിലും സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുന്നത്.
https://www.facebook.com/Malayalivartha